പറവൂരിൽ വീട്ടമ്മയുടെ ആത്മഹത്യ; വട്ടിപ്പലിശക്കാരനായ മുൻ പൊലീസുകാരന്റെ മകൾ അറസ്റ്റിൽ
കൊച്ചി: പറവൂരിൽ വീട്ടമ്മയായ ആശ ബെന്നി പുഴയിൽ ചാടി ആത്മഹത്യചെയ്ത കേസിലെ പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ ദീപ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദീപയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയൽവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിൽ ദീപയും ഉണ്ടായിരുന്നു എന്നായിരുന്നു മൊഴി. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനുശേഷം ദീപയെ നേരത്തേ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതിയായ പ്രദീപും ഭാര്യ ബിന്ദുവും ഒളിവിലാണ്.
പണം കടംനൽകിയവർ ഭീഷണിപ്പെടുത്തിയും മറ്റും ആശയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നും ഇതിനെത്തുടർന്നാണ് അവർ ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. അയൽവാസിയായ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകൾ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് പത്തുലക്ഷത്തോളം രൂപ ആശ കടം വാങ്ങിയിട്ടുണ്ട്.മുതലും പലിശയുമടക്കം മുപ്പതുലക്ഷത്തോളം രൂപ തിരികെ കൊടുത്തിട്ടും ഭീഷണി തുടർന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ഭീഷണി കടുത്തതോടെ കൈ ഞരമ്പ് മുറിച്ച് ആശ നേരത്തേ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് കോട്ടുവള്ളി സൗത്ത് പൊക്കത്ത് ക്ഷേത്രത്തിന് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശ (46) ജീവനൊടുക്കിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഭീഷണിയെക്കുറിച്ച് വിശദമായി ആശ പറഞ്ഞിരുന്നു. പ്രദീപ് കുമാറും ബിന്ദുവും ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാൻ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
2018ലെ ഉരുട്ടിക്കൊല കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്‌പെൻഷനിലായ പൊലീസ് ഡ്രൈവറാണ് ബിന്ദുവിന്റെ ഭർത്താവ് പ്രദീപ്. കൈക്കൂലിക്കേസ് നിലനിൽക്കുന്നതിനാൽ വിരമിച്ച ശേഷവും പ്രദീപിന് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. നിലവിൽ ഇയാൾ ഓട്ടോ ഓടിച്ച് ജീവിക്കുന്നുവെന്നാണ് പറയുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസും പൊലീസ് പരിശോധിക്കുന്നുണ്ട്.