'ഏറ്റവും അടുത്തയാളിന് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താണ് കുഴപ്പം'; മമ്മൂട്ടിക്കായി വഴിപാട് നടത്തിയത് മതത്തിന്റെ കണ്ണിൽ കണ്ടെന്ന് മോഹൻലാൽ

Thursday 21 August 2025 11:09 AM IST

മെഗാസ്റ്റാർ മമ്മൂട്ടി അസുഖ ബാധിതനായിരുന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി മോഹൻലാൽ വഴിപാട് നടത്തിയിരുന്നു. ശബരിമലയിലെത്തിയപ്പോഴായിരുന്നു മുഹമ്മദ് കുട്ടിയുടെ പേരിൽ അദ്ദേഹം വഴിപാട് കഴിച്ചത്. ഇക്കാര്യം മാദ്ധ്യമങ്ങളിലെല്ലാം വാർത്തയാകുകയും ചെയ്തു. എന്നാൽ ചിലർ ഈ സ്നേഹത്തെ മതവുമായി കൂട്ടിക്കലർത്തി വിമർശിക്കുകയായിരുന്നു ചെയ്തത്. ആ വിമർശനങ്ങൾ വേദനിപ്പിച്ചെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മോഹൻലാലിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏറ്റവും അടുത്തയാളിന് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താണ് കുഴപ്പം. അതിനെ തെറ്റിദ്ധരിക്കുകയെന്ന് പറയുന്നതിലാണ് സങ്കടം. ഒരുപാട് പേർ അതിനെ തെറ്റിദ്ധരിക്കാൻ സാഹചര്യമുണ്ടാക്കി. ഒരാളെ സ്‌നേഹിക്കാനോ, ഒരാൾക്ക് വേണ്ടി ഒരു കാര്യം ചിന്തിക്കുന്നതിലോ ഒന്നും മതമില്ല. സിനിമയിൽ അങ്ങനെയൊന്നുമില്ല. ഒരാൾ അദ്ദേഹത്തിന്റ മതം നോക്കിയാണോ അഭിനയിക്കുന്നത്.

അദ്ദേഹവുമായി ഞാൻ സംസാരിക്കാറുണ്ട്. വളരെയധികം സന്തോഷം. ഒരു സംശയമുണ്ടായിരുന്നു. ഇപ്പോൾ അത് മാറി, കാർമേഘം മാറിയതുപോലെ. സന്തോഷവാനായി വന്നിട്ട് ഞങ്ങളുടെ കൂടെത്തന്നെയാണ് അഭിനയിക്കേണ്ടത്. ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ കുറച്ചുഭാഗങ്ങൾ കൂടി ഒരുമിച്ച് ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്.

ഈശ്വരനോട് എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥന കേട്ടതിൽ ഒരുപാട് സന്തോഷം. ഞാൻ മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിനാളുകൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥനയ്‌ക്കൊരു ശക്തിയുണ്ട്.'- മോഹൻലാൽ പറഞ്ഞു.

ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് മമ്മൂട്ടി സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. മെഗാസ്റ്റാർ രോഗമുക്തി നേടി തിരിച്ചുവരവിന് ഒരുങ്ങുന്ന വിവരം കഴിഞ്ഞദിവസം അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചിരുന്നു.