മാങ്ങാണ്ടികൾ വലിച്ചെറിയല്ലേ; ശരീരഭാരം കുറയ്ക്കും, വീട്ടിൽ സൂക്ഷിച്ചാൽ ഗുണങ്ങളേറെ

Thursday 21 August 2025 12:08 PM IST

മാങ്ങ തിന്നു കഴിഞ്ഞാൽ മാങ്ങാണ്ടി വലിച്ചെറിയുകയാണ് നമ്മളിൽ മിക്കവരും ചെയ്യാറ്. എന്നാൽ മാങ്ങാണ്ടിക്ക് ഗുണങ്ങളേറെയുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ. വിദഗ്ധരുടെ അഭിപ്രായത്തിൽ മാങ്ങാണ്ടിക്ക് ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന ഒട്ടേറെ പോഷകഗുണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. ഇനി മുതൽ മാങ്ങാണ്ടി വലിച്ചെറിയാതെ കഴിച്ചാൽ അത് നിങ്ങളുടെ ചർമ്മത്തിനും മുടിക്കും നല്ലതായിരിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. മാങ്ങാണ്ടിയുടെ അഞ്ച് പ്രധാന പോഷകഗുണങ്ങൾ പരിശോധിക്കാം.

1. ശരീരഭാരം കുറയ്ക്കൽ: പ്രത്യേകിച്ച് ആഫ്രിക്കൻ മാങ്ങാണ്ടികളിൽ നിന്നുള്ള മാമ്പഴ സത്ത്, ഉപാപചയം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

2. രക്തത്തിലെ പഞ്ചസാര നിയന്ത്രണം: ഇൻസുലിൻ വർദ്ധിപ്പിച്ച് HbA1c അളവ് കുറയ്ക്കുന്നതിലൂടെ മാങ്ങാണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

3. തിളങ്ങുന്ന ചർമ്മം: ചർമ്മത്തിൽ ബാക്ടീരിയകൾ പ്രവേശിക്കുന്നത് തടയാനും ആരോഗ്യകരമായ തിളക്കമുള്ള ചർമ്മത്തിന് മാങ്ങാണ്ടി കഴിക്കുന്നത് നല്ലതാണെന്നാണ് മള്‍ട്ടി ഡിസിപ്ലിനറി ഡിജിറ്റല്‍ പബ്ലിഷിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണത്തിൽ പറയുന്നു.

4. മുടി വളർച്ച: ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയ മാമ്പഴ എണ്ണ, മുടി വളർച്ചയെ സഹായിക്കാനും മുടി കൊഴിച്ചിൽ തടയുന്നതിനും നേരിട്ട് തലയോട്ടിയിൽ പുരട്ടാം. ഇത് സ്ഥരമായി ഉപയോഗിച്ചാൽ മുടിയുടെ ശക്തി കൂടുകയും കൊഴിച്ചിൽ തടയാനും സഹായിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

5. ഹൃദയാരോഗ്യം: മാങ്ങാണ്ടിയിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗം തടയുന്നതിനും സഹായിക്കും. ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാങ്ങാണ്ടി പൊടിച്ചെടുത്ത ശേഷം സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങള്‍ എന്നിവയിൽ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഉണങ്ങിയ വിത്തുകള്‍ ചൂടുവെള്ളത്തിലിട്ട് ഹെര്‍ബല്‍ ടീയും ഉണ്ടാക്കാം.