ലിറ്റിൽ ബോയിയെക്കാൾ 3000 മടങ്ങ് ശക്തി; ഇനിയൊരു മഹായുദ്ധം ഉണ്ടായാൽ ഈ രാജ്യം അത് പ്രയോഗിക്കും, സർവനാശം

Thursday 21 August 2025 12:34 PM IST

1945 ഓഗസ്റ്റ് ആറ്, ഒമ്പത് തീയതികളിൽ ലോക ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബുകൾ വർഷിച്ച ദിനം. ലോകത്താദ്യമായി ആണവാക്രമണമുണ്ടായ സ്ഥലമാണ് ഹിരോഷിമ. അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകൾ 22,6000ത്തോളം മനുഷ്യരുടെ ജീവനാണ് കവർന്നത്.

ബോംബ് വീണ സമയം ഉണ്ടായ നഷ്ടങ്ങളെക്കാൾ ഭീകരമായിരുന്നു പിന്നീടങ്ങോട്ടുണ്ടായത്. മൂന്നര ലക്ഷത്തോളം പേർ വസിക്കുന്ന നാഗസാക്കിയിൽ ആ വർഷം അവസാനമായപ്പോൾ മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തായി. അണുവികിരണം മൂലം പിന്നെയും ദശാബ്ദങ്ങളായി ഇതിന്റെ പ്രതിഫലനം അവിടെ കണ്ടുകൊണ്ടിരുന്നു. അമേരിക്ക തൊടുത്തുവിട്ട ബോംബ്​ വീണത്​​ അന്നുണ്ടായിരുന്ന ജനതയിൽ മാത്രമല്ല, വരാനിരിക്കുന്ന തലമുറയിൽക്കൂടിയായിരുന്നു.

ബോംബാക്രമണം നടന്ന്​ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആയിരക്കണക്കിനാളുകൾ വികലാംഗരായും മാരകരോഗങ്ങൾ വഹിച്ചും നാഗസാക്കിയിൽ കഴിയുന്നു. ഈ ദുരന്തം വിതച്ച രണ്ട് ബോംബുകളാണ് 'ലിറ്റിൽ ബോയ്', 'ഫാറ്റ് മാൻ'. എന്നാൽ ഈ രണ്ട് ബോംബിനെക്കാൾ ഏറ്റവും ശക്തിയുള്ള ഒരു ബോംബ് ഇന്നും ഈ ഭൂമുഖത്ത് ഉണ്ട്. ഈ ബോംബ് അമേരിക്കയുടേയോ ഇന്ത്യയുടെയോ കെെവശമല്ല. മറിച്ച് റഷ്യയുടേതാണ്. 'സാർ ബോംബ' എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

സാർ ബോംബ

1967ൽ സോവിയറ്റ് യൂണിയൻ നിർമ്മിച്ച് പരീക്ഷിച്ച ലോകത്തെ ഏറ്റവും വിനാശകരമായ ബോംബാണ് ഇത്. ഹിരോഷിമയിൽ പതിച്ച ലിറ്റിൽ ബോയ് ബോംബിനേക്കാളും 3000 മടങ്ങ് ശക്തിയുള്ളതാണ് സാർ ബോംബ. ഒരു പ്രധാന നഗരത്തിൽ സാർ ബോംബ വർഷിച്ചാൽ 35 കിലോമീറ്ററിനുള്ളിലെ എല്ലാം പൂർണമായും നശിപ്പിക്കപ്പെടുമെന്ന് വിദഗ്ധർ പറയുന്നു. ഇതിന് 50 മെഗാടൺ ശേഷിയുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ബോംബുകൾക്ക് 15-21 കിലോ ടൺ മാത്രമായിരുന്നു ശേഷി. പൊട്ടുന്ന സ്ഥലത്തുനിന്ന് 1000 കിലോമീറ്റർ ദൂരം വരെ ദൃശ്യമാകും. ഏതാണ്ട് 67 കിലോമീറ്റർ ഉയരത്തിലെത്തും പൊട്ടിയ അവശിഷ്ടങ്ങൾ. വീതി ഏതാണ്ട് 95 കിലോ മീറ്ററോളം വ്യാപിക്കും.

ആദ്യ പരീക്ഷണം

1961ൽ സോവിയറ്റ് യൂണിയനിലെ നോവയ സെംല്യ ദ്വീപ് സമൂഹത്തിലാണ് ആദ്യമായി 'സാർ ബോംബ" പൊട്ടിത്തെറിച്ചത്. ഏതാണ്ട് 780 കിലോമീറ്റർ ദൂരത്തുള്ള വീടിന്റെ ജനാലകൾ വരെ തകർന്നുവീണു. സാർ ബോംബിന് 27,000 കിലോഗ്രാം ഭാരവും എട്ടുമിറ്റർ നീളവും ഏകദേശം രണ്ടുമീറ്റർ അല്ലെങ്കിൽ ആറ് അടിയിൽ കൂടുതൽ വ്യാസവും ഉണ്ടായിരുന്നു.

വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ചാണ് ബോംബ് വലിച്ചെറിഞ്ഞ്, വായുവിൽ വച്ച് തന്നെ പൊട്ടിത്തെറിച്ചു. സാർ ബോംബ ആദ്യം പൊട്ടിച്ചപ്പോൾ റേഡിയോ ആക്ടീവ് മലിനീകരണം കുറയ്ക്കാൻ യുറേനിയം 238 ഉപയോഗിച്ചിരുന്നില്ല. ഇതും ചേർത്തുള്ള സാർ ബോംബ പൊട്ടിയാൽ വർഷങ്ങൾ കഴിഞ്ഞ് ജനിക്കുന്ന കുട്ടികൾക്ക് പോലും അംഗഭംഗം വരാം. ഇതിനുശേഷമാണ് ആണവ പരീക്ഷണ നിരോധന ഉടമ്പടി നടപ്പിലാക്കിയത്. സാർ ബോംബ മാതൃകയിലുള്ള ആയുധം ആരും പൊട്ടിക്കില്ലെന്ന് ഉടമ്പടിയിലൂടെ ഉറപ്പാക്കി. തങ്ങളുടെ ആണവശേഷി മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ കാണിക്കാനാണ് സാർ ബോംബ സോവിയറ്റ് യൂണിയൻ നിർമ്മിക്കുന്നത്.

ഏറ്റവും അപകടകരമായ ആണവായുധങ്ങൾ ഉള്ള രാജ്യം

ഇതുവരെ പരീക്ഷച്ചതിൽ വച്ച് ഏറ്റവും ശക്തമായ ബോംബ് സാർ ബോംബാണ്. സാർ ബോംബ മാത്രമല്ല ഏറ്റവും കൂടുതൽ ആണാവയുധശേഖരവും ഡെഡ് ഹാൻഡ് പോലുള്ളവ ഉള്ളതും റഷ്യയ്ക്ക് ആണെന്നാണ് വിവരം. 5,500ലധികം ആണവായുധങ്ങൾ നിലവിൽ റഷ്യയുടെ കെെവശം ഉണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ 5000ലധികവും. റഷ്യ മറ്റ് രാജ്യങ്ങളെ വിറപ്പിക്കുന്നത് ഡെഡ് ഹാൻഡ് എന്ന നൂതന വിദ്യ വച്ചാണ്. മനുഷ്യനിൽ നിന്ന് ഒരു നിർദേശം പോലുമില്ലാതെ ആണവായുധങ്ങൾ പ്രയോഗിക്കാൻ വഴിയൊരുക്കുന്ന ഒരു സംവിധാനമാണിത്. സോവിയറ്റ് യൂണിയനായിരുന്ന കാലത്താണ് ഈ സംവിധാനം വികസിപ്പിക്കപ്പെട്ടത്.

ആണവായുധ ശേഖരമുള്ള രാജ്യങ്ങൾ

റഷ്യ, ചെെന, ഫ്രാൻസ്, അമേരിക്ക, ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിലാണ് ആണവായുധ ശേഖരമുള്ളത്. ഈ രാജ്യങ്ങൾ അവരുടെ സുരക്ഷയ്ക്കാണ് ഇവ സൂക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ആണവായുധ ശേഖരങ്ങൾ ലോകത്തിന് തന്നെ ഇന്ന് വലിയ ഭീഷണിയാണ് ഉയരുന്നു. ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ അത് ആണവായുധങ്ങൾ ഉപയോഗിച്ചുള്ളതും വലിയ വിനാശം വിതയ്ക്കുന്നതും ആയിരിക്കും.