നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ... അനൗദ്യോഗിക സീറ്റ് ചർച്ചകളിൽ യു.ഡി.എഫ്

Friday 22 August 2025 1:41 AM IST

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ യു.ഡി.എഫിൽ അനൗദ്യോഗിക സീറ്റുചർച്ചകളും തുടങ്ങി. സീറ്റുകൾ വച്ചുമാറാൻ ഒരുവിഭാഗം ചരടുവലിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അത്രയും സീറ്റ് ഇക്കുറി കേരള കോൺഗ്രസിന് കൊടുക്കില്ലെന്ന നിലപാടാണ് ചിലർക്ക്. ഒരു ഡസനിലേറെപ്പേർ സ്ഥാനാർത്ഥി കുപ്പായം തയ്‌പ്പിച്ചിട്ടുണ്ട്. കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു ജോസ് കെ.മാണി മുന്നണി വിടുമ്പോൾ രണ്ടാം നിരയിലുള്ള കോൺഗ്രസ് നേതാക്കളുടെ ചിന്തയെങ്കിലും പരസ്പരം വെട്ടുന്നതിന്റെ ഭാഗമായി സീറ്റുകൾ ജോസഫിന് നൽകേണ്ടി വന്നു. പുതുപ്പള്ളി, കോട്ടയം, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിൽ മാറ്റത്തിന് സാദ്ധ്യതയില്ലാത്തതിനാൽ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകളിലാണ് കോൺഗ്രസ് നേതാക്കളുടെ നോട്ടം. എന്നാൽ മുഴുവൻ സീറ്റുകളും ഒറ്റയടിക്ക് ഏറ്റെടുക്കാൻ കഴിയാത്തിനാൽ വച്ചുമാറിയെങ്കിലും മത്സരിക്കണമെന്ന വികാരമാണ് ഒരുവിഭാഗത്തിന്.

ഏറ്റുമാനൂർ ഏറ്റെടുക്കണമെന്ന് വികാരം

കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച ഏറ്റുമാനൂർ ഏറ്റെടുത്ത് പകരം കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്തേക്കും. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ കൂടുതൽ കരുത്തനായതോടെ നേരിടാൻ ആരെന്ന ചോദ്യമാണ് ഉയരുന്നത്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മണ്ഡലത്തിൽ സജീവമാണെങ്കിലും വാസവനെ നേരിടാനുള്ള കരുത്തില്ലെന്നാണ് എതിർ ഗ്രൂപ്പുകൾ പറയുന്നത്. മണ്ഡലത്തിന് പുറത്തു നിന്നുള്ളവർ വന്നാൽ ക്ളച്ചുപിടിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വ.ജി.ഗോപകുമാറിന്റെ പേരും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. പകരം കാഞ്ഞിരപ്പള്ളിയിൽ പി.സി.തോമസിനെ മത്സരിപ്പിക്കാനാണ് ജോസഫിന് താത്പര്യം. ജോസ് കെ.മാണിയുമായി തെറ്റിപ്പിരിഞ്ഞപ്പോഴുണ്ടായ പ്രതിസന്ധിയിൽ സ്വന്തംപാർട്ടി തന്നെ നൽകി ജോസഫിനെ രക്ഷിച്ച പി.സി.തോമസിന് അർഹിക്കുന്ന അംഗീകാരം കൊടുക്കണമെന്ന ആവശ്യമുണ്ട്. ഒപ്പം തോമസിന്റെ ജന്മനാടായ വാഴൂർ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണെന്നതും അനുകൂലഘടകമാണ്.

അതേസമയം കാഞ്ഞിരപ്പള്ളി മോഹിച്ച് കോൺഗ്രസിൽ നിന്ന് പള്ളിക്കത്തോട്ടിലെ യുവ വ്യവസായിയും വാഴൂരിൽ തമ്മിലടിയുടെ പേരിൽ നടപടി നേരിട്ടയാളും ഉൾപ്പെടെ രംഗത്തുണ്ട്.

ചങ്ങനാശേരിയിൽ ട്വിസ്റ്റ്

ചങ്ങനാശേരി കൂടി ഏറ്റെടുക്കണമെന്ന് കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും സഭയുടെ നിലപാട് നിർണായകമാകും. കെ.സി.ജോസഫ്,​ ജോസി സെബാസ്റ്റ്യൻ ഉൾപ്പെടെ രംഗത്തുണ്ട്. ജോബ് മൈക്കിളിനെ നേരിടാൻ കെ.എം. മാണിയുടെ കുടുംബത്തിൽ നിന്ന് ആളുവരട്ടെയെന്നാണ് മറ്റൊരാലോചന. അങ്ങനയെങ്കിൽ കഴിഞ്ഞ തവണ തൃക്കരിപ്പൂരിൽ മത്സരിച്ച മരുമകൻ എം.പി.ജോസഫിന് നറുക്കുവീഴും. കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ എം.പി.ജോസഫിന്റെ സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിലുള്ള അക്കാഡമിക് മികവും പരിഗണനാവിഷയമാകും. തോറ്റെങ്കിലും വി.ജെ.ലാലിയ്ക്ക് വീണ്ടും അവസരം കൊടുത്താൽ എം.പി.ജോസഫിനെ കുട്ടനാട്ടിലേക്ക് പരിഗണിക്കാനും സാദ്ധ്യതയുണ്ട്.