പശുവളർത്തൽ ഉപേക്ഷിക്കുന്നവരേറുന്നു... നഷ്ടം സഹിച്ച് ഇനിയും വയ്യേ, കളമൊഴിഞ്ഞ് ക്ഷീരകർഷകർ

Friday 22 August 2025 12:42 AM IST

കോട്ടയം : നഷ്ടം സഹിച്ച് എത്രകാലം മുന്നോട്ടുപോകും... ഏറെക്കാലമായി ക്ഷീരകർഷകർ ഒരേസ്വരത്തിൽ ഉയർത്തുന്ന ചോദ്യമാണ്. ഒരുവിധത്തിലും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കാലിവളർത്തൽ അവസാനിപ്പിക്കുകയാണ് പലരും. ഫാമുകൾ ഉൾപ്പെടെ ഏറിയ പങ്കും അടച്ചുപൂട്ടിയത് ജില്ലയിൽ പാൽ ഉത്പാദനത്തെയും സാരമായി ബാധിച്ചു. വരുമാനത്തിനപ്പുറം കാലികളുടെ പരിപാലന ചെലവ് കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വൻതോതിലാണ് വർദ്ധിച്ചത്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 60 രൂപയോളമാണ് ചെലവ്. കർഷകർക്കു ലഭിക്കുന്നതാകട്ടെ 40 രൂപ വരെ. 70 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂവെന്ന് കർഷകർ പറയുന്നു.

രണ്ടോ മൂന്നോ പശുക്കളുള്ളവരാണ് കർഷകരിലേറെയും. മറ്റു വരുമാനമില്ലാത്തവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. മറ്റു കൃഷികൾക്കൊപ്പം പശുവളർത്തൽ നടത്തുന്നവർ മാത്രമാണ് പിടിച്ചുനിൽക്കുന്നത്.

ജില്ലയിൽ 2000 - 3000 ലിറ്ററിന്റെ കുറവാണ് പാൽ ഉത്പാദനത്തിലുണ്ടായതെന്ന് മിൽമയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

കടലാസിലൊതുങ്ങി ആനുകൂല്യങ്ങൾ

ക്ഷീരകർഷകർക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ പലപ്പോഴും കടലാസിലൊതുങ്ങുകയാണ്. മൃഗാശുപത്രികളിൽ ആവശ്യത്തിന് മരുന്നും ലഭിക്കുന്നില്ല. സ്വകാര്യ മെഡിക്കൽ ഷോപ്പിനെ ആശ്രയിക്കണം. പല ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരുമില്ല. നിലവിൽ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് അത്യുത്പാദന ശേഷിയുള്ള കന്നുകാലികളെ കൊണ്ടുവരുന്നത്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ചെലവ്. എന്നാൽ തുടർചികിത്സയും സൗകര്യങ്ങളും ലഭിക്കാത്തതിനാൽ പരിപാലിക്കാൻ ബുദ്ധിമുട്ടേറെയാണ്. പ്രതിമാസം മരുന്നിന് 5000 - 1000 വരെയാണ് ചെലവ്. മഴക്കാലം ആരംഭിച്ചതോടെ പശുക്കൾക്ക് അകിടുവീക്കം, ദഹനപ്രശ്‌നം തുടങ്ങിയവും വർദ്ധിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നിരവധി പശുക്കളാണ് ചത്തത്.

ഒഴിയാതെ പ്രതിസന്ധികൾ

കാലിത്തീറ്റ വിലയിലെ വർദ്ധന

തൊഴിലാളികളുടെ കൂലി വർദ്ധന

പുൽകൃഷി ചെലവിലെ വർദ്ധന

കാലാവസ്ഥ മൂലമുള്ള പ്രശ്‌നങ്ങൾ

വൈദ്യുതി, വെള്ളം നിരക്ക് വർദ്ധന

അടിക്കടിയുണ്ടാകുന്ന രോഗബാധ

''കഷ്ടപ്പാടിനുള്ള പ്രതിഫലം ലഭിക്കുന്നില്ല. ഉത്പാദന ചെലവ് വർദ്ധിച്ചതോടെ ക്ഷീരമേഖലയെ പിടിച്ചുനിറുത്താൻ സർക്കാർ നടപടി ഉണ്ടാകണം. പ്രതിസന്ധികളേറിയതോടെ വൻതുക വായ്പയെടുത്ത് ഫാം തുടങ്ങിയ പലരും കടക്കെണിയിലാണ്.

-(ശാന്തമ്മ സുകുമാരൻ, ക്ഷീരകർഷക)