കാർത്തിയുടെ മാർഷലിൽ ജയസൂര്യയും
കാർത്തി നായകനാവുന്ന മാർഷൽ എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം ജയസൂര്യ തമിഴിൽ. മാർഷലിൽ സുപ്രധാന വേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.
നായകനായി അരങ്ങേറ്റം കുറിച്ച മലയാള ചിത്രം ഉൗമപ്പെണ്ണിന് ഉരിയാടാ പയ്യന്റെ റീമേക്ക് എൻ മനവാനിൽ എന്ന ചിത്രത്തിലൂടെ 2002ൽ ആയിരുന്നു ജയസൂര്യയുടെ തമിഴ് പ്രവേശം.
കമൽഹാസൻ നായകനായ വസൂൽ രാജ എം.ബി.ബി.എസ്, മനത്തേട് മഴക്കാലം എന്നീ ചിത്രങ്ങൾക്കുശേഷം 2008ൽ ചക്രവ്യൂഹം എന്ന ചിത്രത്തിലും തമിഴിൽ ജയസൂര്യ അഭിനയിച്ചു. അതിനുശേഷം തമിഴിൽ അഭിനയിക്കുന്നത് ഇപ്പോഴാണ്.
ടാനക്കാരൻ എന്ന കന്നി സംവിധാന സംരംഭത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് സംവിധാനം ചെയ്യുന്ന മാർഷലിൽ കല്യാണി പ്രിയദർശൻ ആണ് നായിക. സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഇൗശ്വരി റാവു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സായ് അഭ്യ ങ്കർ സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം സത്യൻ സൂര്യൻ, എഡിറ്റർ ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂട് . ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ ആർ.എസ്. പ്രഭുവും ഐ.വി.ഐ എന്റർ ടെയ്ൻമെന്റിന്റെ ബാനറിൽ ഇഷാൻ സക്സേനയും ചേർന്നാണ് നിർമ്മാണം.അതേസമയം ജയസൂര്യ ഷാജി പപ്പൻ ആയി എത്തുന്ന ആട് 3 പാലക്കാട് പുരോഗമിക്കുന്നു.ആട് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്നു.