പൂവാർ പൊഴിക്കരയിൽ ടോയ്ലെറ്റ് സമുച്ചയം യാഥാർത്ഥ്യമാകുന്നു

Friday 22 August 2025 1:50 AM IST

പൂവാർ: പൊഴിക്കരയിൽ ടൂറിസ്റ്റുകൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ടോയ്ലെറ്റ് സംവിധാനം വേണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. പൂവാറിൽ ടൂറിസം സാദ്ധ്യതകൾ ഉടലെടുത്ത കാലം മുതൽ ടൂറിസ്റ്റുകളും നാട്ടുകാരും ആവശ്യപ്പെടുന്ന ഒന്നാണ് പൊഴിക്കരയിലെ ടോയ്‌ലെറ്റ് സംവിധാനം.

പൂവാർ പഞ്ചായത്ത് 18ലക്ഷം രൂപ ചെലവഴിച്ചാണ് പൊഴിക്കരയിൽ ടോയ്ലെറ്റ് സമുച്ചയം നിർമ്മിക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പൊഴിക്കരയിലെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഇതിനോടൊപ്പം കോഫിഷോപ്പും വിശ്രമകേന്ദ്രവും വസ്ത്രം മാറാനുള്ള സൗകര്യവുമുണ്ടാവും. സഞ്ചാരികൾക്ക് സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള ഓഫീസ്, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഉൾപ്പെടുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത്.

തീരദേശ പരിപാലന നിയമം അനുസരിച്ചാവും കെട്ടിടത്തിന്റെ നിർമ്മാണം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ തകരാത്ത തരത്തിൽ ശാസ്ത്രീയ പഠനം നടത്തിയ ശേഷമാണ് കെട്ടിടനിർമ്മാണം ആരംഭിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പൂവാർ പൊഴിക്കര

നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ സംഗമബിന്ദുവാണ് പൂവാറിലെ പൊഴിക്കര. ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്. ഇവിടുത്തെ പ്രധാന വിനോദോപാധി ബോട്ട് സവാരിയാണ്. കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളമാണ് പൂവാർ പൊഴിക്കര. പ്രസിദ്ധമായ അനന്ത വിക്ടോറിയം മാർത്താണ്ഡവർമ്മ (എ.വി.എം) കനാൽ തമിഴ്നാട്ടിലേക്ക് കടക്കുന്നതും ഇവിടെവച്ചാണ്. പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയിലെ വെള്ളത്തിന് നടുവിൽ ഉയർന്നുനിൽക്കുന്ന എലിഫന്റ് റോക്കും, മനോഹരമായി അലങ്കരിച്ച ഫ്ലോട്ടിംഗ്‌ റസ്റ്റോറന്റുകളും കൗതുകക്കാഴ്ചകളാണ്.

സൗകര്യങ്ങൾ പരിമിതം

ഇവിടെ ടൂറിസ്റ്റുകൾക്കോ കച്ചവടക്കാർക്കോ ആവശ്യമായ സൗകര്യങ്ങളില്ല. ഇവിടെയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ പ്രാഥമികാവശ്യങ്ങൾക്ക് തീരദേശ പൊലീസ് സ്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്. ടൂറിസ്റ്റുകളുടെ സുരക്ഷക്കായി പൊഴിക്കരയിൽ രണ്ട് ലൗഫ്ഗാർഡുകളെ നിയമിച്ചിട്ടുണ്ട്. അവർക്കും വസ്ത്രം മാറുന്നതിനോ സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കാനോ സൗകര്യമില്ല.