കാർ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറി

Friday 22 August 2025 12:19 AM IST

വൈക്കം : വൈക്കത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ തട്ടിയ ശേഷം സമീപത്തെ ജുവലറിയുടെ മുൻവശവും അടുത്തുള്ള ബേക്കറിയുടെ ഷട്ടറും ഭിത്തിയും ഇടിച്ചു തകർത്തു. ജുവലറി ഉടമ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. വല്ലകം ചേന്നംങ്കേരി വളവിൽ വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. ജുവലറിയുടെ സമീപത്ത് പ്രവർത്തിക്കുന്ന ബാർബർ ഷോപ്പ് ഉടമയുടെ സ്ഥാപനത്തിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും തകർന്നു. വൈക്കം ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കടുത്തുരുത്തി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. കാൽനടയാത്രക്കാരിയായ വീട്ടമ്മ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബേക്കറിയുടെ ഷട്ടർ തകർത്ത ശേഷം ഉള്ളിലേക്ക് കയറിയ കാർ പിന്നിലെ ഭിത്തിയും ഇടിച്ച് തകർത്താണ് നിന്നത്. കാലിന് ഗുരുതരമായി പരിക്കേ​റ്റ ജുവലറി ഉടമ വല്ലകം ഉരുവേലിൽ സിബി ജോസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.