പട്ടികജാതി വിഭാഗത്തിലെ സാമൂഹ്യസാമ്പത്തിക വിവരങ്ങൾ ഇനി ഡിജിറ്റൽ: ഹോം സർവ്വെ അവസാന ഘട്ടത്തിൽ

Thursday 21 August 2025 10:27 PM IST

കണ്ണൂർ : സംസ്ഥാനത്തെ പട്ടികജാതി കുടുംബങ്ങളുടെയും ഉന്നതികളുടെയും വ്യക്തികളുടെയും സാമൂഹിക സാമ്പത്തികാവസ്ഥ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാക്കുന്നതിനായുള്ള ഹോം സർവ്വേ അന്തിമഘട്ടത്തിൽ.സർവ്വേ വഴി സമഗ്ര വിവരശേഖരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ഇരുന്നൂറിൽ പരം ചോദ്യങ്ങളിലൂടെയാണ് ഓരോ പട്ടികജാതി കുടുംബങ്ങളുടെയും വിവരങ്ങൾ പട്ടികജാതി പ്രമോട്ടർ വഴി ശേഖരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഓരോ കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രത്യേകമായും പൊതുവായും വികസനം ലഭ്യമാകുന്ന രീതിയിൽ സൂക്ഷ്മതല ആസൂത്രണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നത്. വീട്ടിലെ അംഗങ്ങൾ, വിദ്യാഭ്യാസം, വരുമാനമാർഗം തുടങ്ങിയ വിവരങ്ങൾ സമഗ്രമായി ശേഖരിക്കുകയാണ് ലക്ഷ്യം.

പ്രമോട്ടർമാർ ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത പട്ടികജാതി വികസന ഓഫീസർ തലത്തിൽ വിലയിരുത്തും. സർവ്വേ പൂർത്തീകരിക്കുന്നതിന് ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ഡയറക്ടറേറ്റ് തലത്തിലും അവലോകനയോഗങ്ങളും ചേരും.

ഹൗസ് ഹോൾഡ് ഓറിയൻറ്റഡ് മൈക്രോ പ്ലാനിംഗ് ഫോർ എംപ്ലോയ്മെന്റ്

ഹൗസ് ഹോൾഡ് ഓറിയൻറ്റഡ് മൈക്രോ പ്ലാനിംഗ് ഫോർ എംപ്ലോയ്മെന്റ് എന്ന ഹോം പദ്ധതി പട്ടികജാതി കുടുംബങ്ങളെ പുനരധിവാസവും ശാക്തീകരണവും ഉന്നമനവും സാദ്ധ്യമാക്കി മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിനാണ്.

ഇതിലൂടെ ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തി പരിഹരിച്ച് ഓരോ കുടുംബത്തിനും വേണ്ടി പ്രത്യേക മൈക്രോപ്ലാനുകൾ തയ്യാറാക്കി അവ നടപ്പിലാക്കുന്നതിനും അവലോകനം ചെയ്യുന്നതിനും പദ്ധതി പ്രയോജനപ്പെടും.

വിവര ശേഖരണം ഇങ്ങനെ

പട്ടികജാതി പ്രമോട്ടർമാർ, കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാർ, അക്രഡിറ്റഡ് എൻജിനീയർമാർ, ഓവർസിയർ എന്നിവർ വഴി

അതിദാരിദ്ര്യ കുടുംബങ്ങളുടെയും ദുർബല കുടുംബങ്ങളുടെയും വിവരങ്ങൾ ശേഖരിക്കും

ഓരോ വീട്ടിലേക്കും വകുപ്പ് പ്രതിനിധികൾ എത്തി പ്രശ്നങ്ങൾ മനസ്സിലാക്കും

വാർഡ് മെമ്പർമാരുടെ സഹകരണവും സർവ്വേയിൽ ഉറപ്പാക്കും.