നെഹ്‌റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം ‘കാത്തു’
Friday 22 August 2025 1:30 AM IST
ആലപ്പുഴ; 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിക്ക് 'കാത്തു' എന്ന് പേരിട്ടു. കാത്തു എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറന്‍സ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷറഫ് എന്നിവർ ചേർന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. കളക്ടറാണ് കാത്തു എന്ന പേര് പ്രഖ്യാപിച്ചത്. പത്തനംതിട്ട ഇടശ്ശേരി മലയിൽ ഇ വി കൃഷ്ണൻകുട്ടി നായരാണ് ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 347 എൻട്രികളിൽ നിന്നാണ് കാത്തു തിരഞ്ഞെടുക്കപ്പെട്ടത്. വള്ളംകളിയുടെ പ്രൊമോ വീഡിയോ ചടങ്ങിൽ മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു.