കെ സ്മാർട്ട് ഏകീകൃതനിരക്കിൽ ഗുണഭോക്താക്കൾക്ക് ആശ്വാസം

Friday 22 August 2025 12:33 AM IST

ആലപ്പുഴ : കെ സ്മാർട്ട് സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് ബാധകമാവുക അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം. കേന്ദ്ര സർക്കാരിന് കീഴിൽ സംരംഭമായി നടത്തുന്ന കോമൺ സർവീസ് സെന്ററുകൾക്ക് ഈ നിരക്ക് ബാധകമല്ലാത്തത് സേവനം തേടിയെത്തുന്നവരുമായുള്ള തർക്കത്തിന് ഇടയാക്കുന്നു.

കെ സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഏകീകൃതനിരക്ക് ആശ്വാസകരമാണ്. ജനന,മരണ രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളിൽ 40 രൂപ മാത്രമേ ഈടാക്കാവൂ എന്ന് നിബന്ധനയുള്ളപ്പോൾ സി.എസ്.സി സെന്ററുകളിൽ അമ്പത് രൂപ ഈടാക്കുന്നതിന് നിയമതടസ്സമില്ല. ഇതിൽ വ്യക്തതയില്ലാതെ പലരും സി.എസ്.സി കേന്ദ്രങ്ങളിലെത്തി കുറഞ്ഞനിരക്കിൽ സേവനം ആവശ്യപ്പെടുന്നുണ്ട്. വിവിധ അക്ഷയകേന്ദ്രങ്ങളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നെന്ന പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് സർക്കാർ ഏകീകൃതനിരക്ക് ഏർപ്പെടുത്തിയത്. പുതുക്കിയ നിരക്കുകൾ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.

നിരക്ക് അക്ഷയക്ക് മാത്രം ബാധകം

1. സംസ്ഥാന സർക്കാരിന്റെ ഇൻസെന്റീവോടെ പ്രവർത്തിക്കുന്നതിനാലാണ് അക്ഷയകേന്ദ്രങ്ങൾ ക്ക് ഏകീകൃത നിരക്ക് ബാധകമായത്

2. തങ്ങളെ ഈ നിരക്ക് ബാധിക്കുന്നതല്ലെന്ന് കോമൺ സർവീസ് സെന്ററുകാർ ഉപഭോക്താക്കളെ പറഞ്ഞ് മനസ്സിലാക്കേണ്ടി വരുന്നുണ്ട്

3. ഏകീകൃത നിരക്ക് വന്നതോടെ വിവിധ അക്ഷയ സെന്ററുകളിൽ തോന്നിയതുപോലെ പണം ഈടാക്കുന്ന രീതിക്ക് അറുതിയായി

4. ഓൺലൈൻ സേവനം കൂടുതൽ കാര്യക്ഷമമാക്കാനും അക്ഷയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പുവരുത്താനുമാണ് നടപടി

അക്ഷയകേന്ദ്രത്തിലെ പുതിയ നിരക്കുകൾ (രൂപയിൽ)

 ജനന,മരണ രജിസ്ട്രേഷൻ: 40  ജനന,മരണ രജിസ്ട്രേഷനിലെ തിരുത്തൽ : 50  വിവാഹ രജിസ്‌ട്രേഷൻ : പൊതുവിഭാഗത്തിന് 70, എസ്‌.സി, എസ്.ടി വിഭാഗത്തിന് 50

 പ്രിന്റിംഗ് / സ്കാനിംഗ് : പേജിന് 3  വിവാഹ രജിസ്ട്രേഷഷനിലെ തിരുത്തൽ : 60  ലൈസൻസ് അപേക്ഷ : 40  ലൈസൻസ് തിരുത്തലുകൾക്ക് : 40  പരാതി നൽകുന്നതിന് : 30  സർട്ടിഫിക്ക​റ്റുകളും അറിയിപ്പുകളും ഡൗൺലോഡ് ചെയ്ത് നൽകുന്നതിന്: ഒരു പേജിന് 10  ബി.പി.എൽ സർട്ടിഫിക്ക​റ്റിനുള്ള അപേക്ഷയ്ക്ക് : 10  മ​റ്റ് അപേക്ഷകൾ : 20  ഉടമസ്ഥാവകാശം മാ​റ്റുന്നതിന് : 50

സർവീസ് ചാർജ്  1000 രൂപവരെയുള്ള തുകയ്ക്ക് : 10 രൂപ  1001 മുതൽ 5000 രൂപ വരെ : 20 രൂപ  5000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക്: 0.5 ശതമാനം അല്ലെങ്കിൽ 100 രൂപ (കുറഞ്ഞ തുക ഈടാക്കണം)