സാങ്കേതിക പ്രശ്നം : ധൻബാദ് എക്സ്‌പ്രസ് രണ്ടര മണിക്കൂർ വൈകി
ആലപ്പുഴ: സാങ്കേതിക പ്രശ്നങ്ങൾ കാരണം ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ഇന്നലെ രാവിലെ യാത്ര പുറപ്പെടാൻ രണ്ടരമണിക്കൂർ വൈകി. എല്ലാദിവസവും രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ഇന്നലെ രാവിലെ 8.36നാണ് പുറപ്പെട്ടത്. ഇതോടെ ട്രെയിനിലെ പതിവ് യാത്രക്കാർ വലഞ്ഞു. പലരും ജോലിക്ക് പോകാനാകാതെ വീട്ടിലേക്ക് മടങ്ങി.
രാവിലെ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ധൻബാദ് എക്സ്‌പ്രസിന്റെ പകുതിയോളം ബോഗികൾ ട്രാക്കിലുണ്ടായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. പിന്നീട് അവ ട്രാക്കിൽ നിന്നു മാറ്റി. ട്രെയിൻ താമസിക്കുമെന്ന സന്ദേശമൊന്നും മുൻകൂട്ടി ലഭിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു. ആറരയോടടുത്താണ് താമസിക്കുമെന്ന അറിയിപ്പ് ലഭിച്ചത്. ഇതോടെ കാത്തുനിന്നവർക്ക് മറ്റ് യാത്രാ മാർഗം ലഭിച്ചുമില്ല. ഏഴുമണിക്ക് ആലപ്പുഴയിൽ നിന്നെടുത്ത ഏറനാട് എക്‌പ്രസിലാണ് ഭൂരിഭാഗം ആളുകളും യാത്ര ചെയ്തത്. ചില സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുത്തതോടെയാണ് ട്രെയിൻ രണ്ടര മണിക്കൂർ വൈകിയതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിൻ മുന്നോട്ട് എടുത്തിന് ശേഷം തിരികെ വന്നു എന്ന പ്രചരണം ശരിയല്ലെന്നും ഷണ്ടിംഗ് നടത്തുന്നതിനാണ് ബോഗികൾ പ്ലാറ്റ്ഫോമിൽ നിന്നെടുത്തതെന്നും റെയിൽവേ അറിയിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ ജോലിക്കും മറ്റുമായി പോകുന്നവരാണ് ധൻബാദ് എക്സ്‌പ്രസിലെ പതിവ് യാത്രക്കാർ.