ദേവസ്വം ഭൂമി കൈയേറി ഭൂമാഫിയ; 150 ഏക്കറിൽ അനധികൃത ചെങ്കൽഖനനം

Thursday 21 August 2025 10:40 PM IST

തളിപ്പറമ്പ്: ദേവസ്വം ബോർഡിന്റെ ഭൂമി കൈയേറി വൻതോതിൽ ചെങ്കൽഖനനം. മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ തളിപ്പറമ്പ് താലൂക്കിൽ പെട്ട ടി.ടി.കെ ദേവസ്വം, പടപ്പയങ്ങാട് സോമേശ്വരി ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന പടപ്പയങ്ങാട് മായില്ലംപാറ പ്രദേശത്തെ 1300 എക്കർ ഭൂമിയുടെ വലിയൊരു ഭാഗമാണ് ഭൂമാഫിയ കൈയടക്കിയത്.

ഏകദേശം 150 ഏക്കറോളം ഭാഗത്ത് അനധികൃതമായി നടന്നു വരുന്ന ഭൂമാഫിയുടെ ചെങ്കൽ ഖനനം തടയുന്നതിനും ദേവസ്വം ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കുന്നതിനും വേണ്ടി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു , മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു ,കാസർകോട് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപൻ ,കാസർകോട് എരിയ കമ്മറ്റി മെമ്പർ പി.വി.സതീഷ് കുമാർ, ടി.ടി.കെ ദേവസ്വം ബോർഡ് പ്രസിഡന്റ് വിനോദ് , പടപ്പയങ്ങാട് ദേവസ്വം പാരമ്പര്യ ട്രസ്റ്റി ശശിന്ദ്രൻ , ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് , ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ്, ചുഴലി വില്ലേജ് ഓഫീസർ , ഭൂമി സംരക്ഷണ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു.

എം.വി.ഗോവിന്ദൻ എം.എൽ.എ, സജിവ് ജോസഫ് എം.എൽ.എ എന്നിവർ രക്ഷാധികാരികളായി രൂപീകരിച്ച കോർഡിനേഷൻ കമ്മറ്റി കൈയേറ്റം അവസാനിപ്പിച്ച് ദേവസ്വം ഭൂമി സംരക്ഷിക്കണമെന്ന് തളിപ്പറമ്പ് താഹസീൽദാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേസ് നടക്കുന്നുണ്ട്.

കൈയേറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരും.ക്ഷേത്ര ഭൂമി സംരക്ഷിക്കും- മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ കമ്മിറ്റി ചെയർമാൻ കെ.വി.സുരേന്ദ്രൻ