14 സെന്റ് ഭൂമി വഴിക്കായി വിട്ടുനൽകി, ചേറ്റുവപ്പാടം പ്രദേശവാസികൾക്ക് വീട്ടിലേക്ക് വഴിയായി

Friday 22 August 2025 12:00 AM IST

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ ആറാം വാർഡിൽ 14 സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകിയതോടെ ചേറ്റുവപ്പാടം പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് വീട്ടിലേക്കുള്ള വഴിയായി. കടപ്പുറം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.കെ.മൊയ്തുണ്ണി ഹാജിയുടെ മക്കളായ സുൽഫിക്കർ ഹാജി, ഷെരീഫ്, നൂർജഹാൻ, ശിഹാബുദ്ദീൻ എന്നിവർ 12 സെന്റും കുറുപ്പത്ത് കായിൽ ബക്കർ രണ്ട് സെന്ററും സംയുക്തമായി ചേർന്ന് 14 സെന്റ് ഭൂമി ദാനമായി നൽകിയപ്പോഴാണ് നിരവധി വീടുകളിലേക്ക് 10 അടി വീതിയിൽ റോഡ് എത്തിയത്. ഭൂമിയുടെ രേഖകൾ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തിന് എം.എ.സുൽഫിക്കർ ഹാജി, റിഷാൽ അണ്ടിപ്പാട്ടിൽ എന്നിവർ ചേർന്ന് കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി നേതൃത്വപരമായ പങ്ക് വഹിച്ചു. സുനിത പ്രസാദ്, ചേലോട്ടുങ്ങൽ ഷറഫു, പി.വി.ഹൈദർ അലി, എ.വി.ത്വൽഹത്ത്, പി.വി.അബൂബക്കർ, കാസിം മേനോത്ത്, പി.വി.നാസർ, കെ.ആർ.വിഷ്ണു എന്നിവർ പങ്കെടുത്തു.