ജി.എസ്.ടി കുറയ്ക്കാൻ പച്ചക്കൊടി: മരുന്നിനടക്കം വില കുറയും
കൊച്ചി: രാജ്യത്തെ പരോക്ഷ നികുതികൾ ലളിതവും സുതാര്യവുമാക്കുന്നതിന് ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് മന്ത്രിതല സമിതി അംഗീകാരം.
12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ആകും. ഇതോടെ മരുന്നുകൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും.
12%, 28% സ്ളാബുകൾ ഉപേക്ഷിക്കാനും 5%, 18% നിരക്കുകൾ തുടരാനുമുള്ള നിർദ്ദേശമാണ് അംഗീകരിച്ചതെന്ന് ആറംഗ സമിതിയുടെ അദ്ധ്യക്ഷനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി പറഞ്ഞു.
സാധാരണക്കാർക്ക് ഗുണകരമായ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായിരിക്കും. മറ്റ് സ്റ്റാൻഡേർഡ് സാധനങ്ങളുടെ നികുതി 18 ശതമാനമാകും. ഹിതകരമല്ലാത്ത ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും 40 ശതമാനം നികുതിയാകും. ആഡംബര കാറുകൾക്കും 40 ശതമാനമാണ് നികുതി.
ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ്, പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈരേ ഗൗഡ, കേരള ധനമന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവരാണ് മറ്റംഗങ്ങൾ. സെപ്തംബർ അവസാനം നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ അന്തിമ തീരുമാനമുണ്ടാകും.