സ്വകാര്യ സർവകലാശാലകളിൽ 27% ഒ.ബി.സി സംവരണ ശുപാർശ
ന്യൂഡൽഹി: സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒ.ബി.സി, പട്ടികജാതി, പട്ടിക വർഗ വിഭാഗം വിദ്യാർത്ഥികളുടെ കുറവ് നികത്താൻ സംവരണം അനിവാര്യമാണെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ. ഒ.ബി.സി വിഭാഗത്തിന് 27%, പട്ടിക വിഭാഗത്തിന് 15%, പട്ടിക വർഗ വിഭാഗത്തിന് 7.5% സംവരണം ഏർപ്പെടുത്തണം. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് അദ്ധ്യക്ഷനായ വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, കായികം എന്നിവയ്‌ക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ബുധനാഴ്ചയാണ് ലോക്‌സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്.
ബിറ്റ്‌സ്- പിലാനി, ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റി, ശിവ് നാടാർ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിൽ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണെന്ന്, ലഭിച്ച വിവരങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് സാമൂഹിക നീതി കൈവരിക്കുന്നതിനുള്ള പ്രധാന ഉപകരണമായിരിക്കണം വിദ്യാഭ്യാസം. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ സംവരണത്തിന്റെ അഭാവം അതിന് തടസമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗങ്ങൾക്കായി സ്വകാര്യ സർവകലാശാലകളിലെ ഉയർന്ന വാർഷിക ഫീസിൽ ഇളവിന് സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തണമെന്നും ശുപാർശയുണ്ട്.
2022- 23ലെ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേ ഡാറ്റയും കമ്മിറ്റി ഉദ്ധരിച്ചു. സർക്കാർ, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരിൽ 38.9% (1.7 കോടി) വിദ്യാർത്ഥികൾ ഒ.ബി.സിയും (4.38 കോടി), 15.5% (67.87 ലക്ഷം വിദ്യാർത്ഥികൾ) പട്ടികജാതി വിഭാഗവും 6.4% (28.25 ലക്ഷം വിദ്യാർത്ഥികൾ) പട്ടികവർഗ വിഭാഗവുമാണ്.
നടപ്പാക്കേണ്ടത്
സംസ്ഥാനങ്ങൾ
സ്വകാര്യ സർവകലാശാലകൾ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നതിനാൽ സംവരണത്തിന് അനുയോജ്യമായ നിയമ വ്യവസ്ഥകളും സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റിയെ അറിയിച്ചു.
ഐ.ഐ.ടികളിലും
വേണം സംവരണം
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട 2006ലെ നിയമ പ്രകാരം ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങളിൽ സംവരണം ഉറപ്പാക്കണം.
സംവരണം നടപ്പാക്കാൻ സ്വകാര്യ സ്‌കൂളുകൾക്ക് നൽകുന്ന 25% റീ ഇംബേഴ്സ്‌മെന്റ് മാതൃകയിൽ സഹായം സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകണം.
സംവരണം നടപ്പാക്കുന്നതിനായി സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും അദ്ധ്യാപകരെ നിയമിക്കുന്നതിനും സർക്കാരുകൾ പ്രത്യേകഫണ്ട് അനുവദിക്കണം. സംവരണം ജനറൽ കാറ്റഗറി സീറ്റുകളെ ബാധിക്കരുത്.