മങ്കയം വെങ്കിട്ടമൂട്ടിൽ പുലിയിറങ്ങിയ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചു

Friday 22 August 2025 1:20 AM IST

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയം വെങ്കിട്ടമൂട് ആദിച്ചക്കോൺ ഭാഗങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം മനസിലാക്കാൻ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. ഇടിഞ്ഞാർ മങ്കയം വെങ്കിട്ടമൂട്ടിൽ വനാതിർത്തിയോടു ചേർന്ന ജനവാസമേഖലയിൽ പുലിയിറങ്ങിയിരുന്നു. പുലി വെങ്കിട്ടമൂട് ബ്ലോക്ക് നമ്പർ 22ൽ ജയന്റെ പോത്തിനെ കടിച്ചുകൊന്നിരുന്നു. പോത്തിന്റെ കഴുത്തിൽ പുലി കടിച്ച പാടുകളുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ജയന്റെ വീട്ടിലെ ഏഴ് പോത്തുകളെ മേയാൻ വിട്ടിരുന്നു. എന്തോ കണ്ട് ഭയന്ന് ആറ് പോത്തുകൾ ഓടി വീട്ടിലെത്തിയതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പുലിയെ കണ്ടത്. തുടർന്നുള്ള പരിശോധനയിൽ പോത്തിനെ ചത്ത നിലയിൽ കാണുകയായിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് പാലോട് ആർ.ആർ.ടി സംഘം പെരിങ്ങമ്മല എസ്.എഫ്.ഒ ടി.ആർ.അനിൽകുമാർ,എസ്.എഫ്.ഒ ബാബു, ഫോറസ്റ്റ് വാച്ചർ പ്രദീപ്കുമാർ, വിനോദ്.എം എന്നിവർ സ്ഥലത്തെത്തി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയത്. ഇതിനിടെ ഇലവുപാലം ഡീസന്റ്മൂക്കിൽ പുലിയിറങ്ങിയെന്ന് പ്രചരിച്ചതോടെ വനംവകുപ്പ് പരിശോധിച്ചെങ്കിലും കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ഒന്നുരണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം ആവശ്യമെന്നാൽ പുലിയെ കൂടുവച്ച് പിടിക്കാനുള്ള അനുമതി തേടുമെന്ന് പാലോട് റേഞ്ച് ഓഫീസർ വി.വിപിൻചന്ദ്രൻ അറിയിച്ചു.