കളമച്ചൽ ഗ്രാമത്തിന് കൈത്തറിയുടെ പ്രൗഡി
വാമനപുരം: ഓണമെത്തിയതോടെ കളമച്ചലിലേക്ക് കൈത്തറി തേടി ആളുകളുടെ ഒഴുക്കാണ്. പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന വാമനപുരം കളമച്ചൽ പ്രദേശത്തിന്റെ പൂർവകാല ഖ്യാതിയും പ്രൗഡിയും തിരികെ എത്തിയിരിക്കുകയാണ്. പുതിയ ഡിസൈനിലുള്ള സാരി, ഷർട്ട് പീസ്, ചുരിദാർ മെറ്റീരിയൽ,ടവ്വൽസ്, ബഡ്ഷീറ്റ് എന്നിവയ്ക്ക് ജപ്പാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് വൻ ഓർഡറാണ് ലഭിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച കൈത്തറി യൂണിറ്റിനുള്ള പുരസ്കാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. എന്നാൽ ക്രമേണ കൈത്തറി രംഗത്ത് സാങ്കേതികവിദ്യ കടന്നുവന്നതോടെ പരിജ്ഞാനമില്ലാത്ത തൊഴിലാളികൾ മറ്റുപല മേഖലകളിലേക്കും തിരിഞ്ഞു.
ലക്ഷ്യം സമഗ്രവികസനം
2021ൽ കളമച്ചൽ കൈത്തറിയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് ഭരണസമിതി തയാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ച 2കോടി രൂപയുടെ ക്ലസ്റ്റർ വികസന പ്രോജക്ടിന് കേന്ദ്ര ടെക്സ്റ്റൈൽ ആൻഡ് കൈത്തറി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിലേക്കായി മൊത്തം അനുവദിക്കുന്ന 193 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളിൽ 185 ലക്ഷം രൂപ കേന്ദ്രവിഹിതവും ശേഷിച്ച തുക ഗുണഭോക്താക്കളുടെ വിഹിതവുമായിരിക്കും. ക്ലസ്റ്റർ പ്രവർത്തനങ്ങളുടെ ആദ്യ വിഹിതമായി 91ലക്ഷം രൂപ ലഭിച്ചിരുന്നു. ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർണമായും നടപ്പിലാക്കി.
പൂർത്തിയായ പ്രവർത്തനങ്ങൾ
* 25 തൊഴിലാളികൾക്ക് പണിപ്പുര നിർമ്മിച്ചു, 30 പേർക്ക് തറികൾ നൽകി
* ഡിസൈൻ തറികൾ സ്ഥാപിച്ചതോടെ ഡിസൈനിലുള്ള സാരികൾ
* പാവ്,പാര് എന്നിവ ചുറ്റുന്നതിന് ആധുനിക സങ്കേതിക വാർപ്പിംഗ് മെഷീൻ
* സോളാർ സ്ഥാപിച്ചു. പ്രതിമാസം പതിനായിരം രൂപ വൈദ്യുതി ചാർജ് നൽകിയിരുന്നിടത്ത്, ഇപ്പോൾ വൈദ്യുതി വിറ്റുകിട്ടുന്നത് 5000 രൂപയുടെ ലാഭം.
ആദ്യ ഘട്ട വികസനത്തിന് ..... 91 ലക്ഷം
രണ്ടാം ഘട്ട വികസനത്തിന്...... 85 ലക്ഷം
* വികസനത്തിൽ: പത്ത് പേർക്ക് വാസസ്ഥലത്ത് പണിപ്പുര സ്ഥാപിക്കാൻ 12 ലക്ഷം
* സംഘത്തിൽ പുതിയ പണിപ്പുര സ്ഥാപിക്കാൻ 25ലക്ഷം
* സോളർ പാനൽ സ്ഥാപിക്കാൻ 10 ലക്ഷം
* നെയ്ത്തുപകരണങ്ങൾ സ്ഥാപിക്കാൻ 10 ലക്ഷം
* മറ്റു നെയ്ത്തുശാലകൾ സന്ദർശിക്കാൻ 2 ലക്ഷം
* അനുബന്ധ ഉപകരണങ്ങൾക്ക് 5 ലക്ഷം
ഏറെ ഗുണം
നെയ്ത്തിലും അനുബന്ധ തൊഴിലുകളിലുമായി ഏർപ്പെട്ടിരിക്കുന്ന ആനച്ചൽ,കളമച്ചൽ കൈത്തറി സംഘങ്ങളിലെ 270 ഓളം തൊഴിലാളികൾ പദ്ധതി പൂർത്തിയാകുന്നതോടെ ഗുണഭോക്താക്കളായി മാറും
ഫോട്ടോ: കളമച്ചൽ കൈത്തറിയിൽ നെയ്യുന്നു