തലയ്ക്കു മീതെ 'വോട്ട് ചോരി' ആരോപണം... വികസനമൂന്നി നേരിടാൻ എൻ.ഡി.എ
തൃശൂർ: 'വോട്ട് ചോരി' ആരോപണം 'വികസനരാഷ്ട്രീയം' പറഞ്ഞ് മറികടക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും ശ്രമം. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്തേകാൻ സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമുണ്ട്. വോട്ടർ പട്ടികയിൽ കൂടുതൽ പേരെ ചേർത്ത് ഡാറ്റ ഹിയറിംഗ് നടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ് പ്രവർത്തകർ. വാർഡ് കമ്മിറ്റികൾ ശക്തിപ്പെടുത്തി ശിൽപ്പശാലകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 23ന് ജില്ലാതല ശിൽപ്പശാല നടക്കും.
മൂന്ന് ജില്ലകളാക്കി വ്യത്യസ്ത പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. തൃശൂർ സിറ്റി ജില്ലയ്ക്ക് കീഴിൽ 30 പഞ്ചായത്തും തൃശൂർ കോർപറേഷനുമുണ്ട്. ഇരിങ്ങാലക്കുട ജില്ലയ്ക്ക് കീഴിൽ 27 പഞ്ചായത്തും കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചാലക്കുടി എന്നീ മൂന്ന് മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്നു. നാല് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഗുരുവായൂർ ജില്ലയിൽ 29 പഞ്ചായത്തും ഗുരുവായൂർ, കുന്നംകുളം, ചാവക്കാട്, വടക്കാഞ്ചേരി എന്നീ മുനിസിപ്പാലിറ്റികളുമാണുള്ളത്.
കണ്ണുംനട്ട് തൃശൂർ
പാർലമെന്റ് തിരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ജില്ലയിലാണ് ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും പ്രതീക്ഷകളേറെ. പാർലമെന്റ് മണ്ഡലത്തിലെ 686 ബൂത്തുകളിൽ 275ലും എൻ.ഡി.എയ്ക്കായിരുന്നു ഭൂരിപക്ഷം. 42 പഞ്ചായത്തിൽ 36ലും എൻ.ഡി.എയായിരുന്നു മുന്നിൽ. കോർപറേഷനിലെ 33 ഡിവിഷനിലും ബി.ജെ.പി മുന്നേറ്റം നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ 11 കോർപറേഷൻ ഡിവിഷനുകളിൽ നേരിയ വോട്ടുകൾക്കാണ് തോറ്റെന്നതും ബി.ജെ.പിക്ക് പ്രതീക്ഷ പകരുന്നു. 50 വർഷമായി കൊടുങ്ങല്ലൂർ നഗരസഭ എൽ.ഡി.എഫ് ഭരിച്ചിട്ടും വികസനമുരടിപ്പാണെന്നാണ് എൻ.ഡി.എ ആരോപണം. ആനാപ്പുഴ മുതൽ പുല്ലൂറ്റ് വരെയുള്ള വെള്ളക്കെട്ടും ഉപ്പുവെള്ളം കയറലും മൂലം കർഷകർ നേരിടുന്നത് പ്രതിസന്ധിയാണെന്നും പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീടുകൾ നൽകിയത് മാത്രമാണ് ഏക വികസനമെന്ന് ബി.ജെ.പി സൗത്ത് (ഇരിങ്ങാലക്കുട) ജില്ലാ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ പറയുന്നു.
പാർലമെന്റ് മണ്ഡലത്തിലെ പൂങ്കുന്നം ബൂത്തിലെ ചില പരാതികൾ എടുത്തുപറഞ്ഞാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ട് ചോരി ആരോപണം. സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാത്തവരാണ് ആരോപണവുമായി വരുന്നത്.
-ജസ്റ്റിൻ ജേക്കബ്, ബി.ജെ.പി സിറ്റി പ്രസിഡന്റ്
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശൂരിനെ സിറ്റി, നോർത്ത്, സൗത്ത് ജില്ലകളാക്കി തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന സംസ്ഥാന കൗൺസിൽ തീരുമാനമാണിത്. ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും. 30 ശതമാനം സീറ്റുകളാണ് ബി.ഡി.ജെ.എസിന് കിട്ടേണ്ടത്. -അതുല്യഘോഷ് വെട്ടിയാട്ടിൽ, ജില്ലാ പ്രസിഡന്റ് (ബി.ഡി.ജെ.എസ്), എൻ.ഡി.എ കൺവീനർ