5 വയസുകാരന്റെ അറ്റുപോയ വിരൽ എസ്.പി മെഡി ഫോർട്ടിൽ തുന്നിച്ചേർത്തു
തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ ഗേറ്റിനിടയിൽപ്പെട്ട് ചതഞ്ഞ് അറ്റുപോയ അഞ്ചു വയസ്സുകാരന്റെ വിരൽ എസ്.പി മെഡിഫോർട്ട് ഹോസ്പിറ്റൽ തുന്നിച്ചേർത്തു. ചടയമംഗലം സ്വദേശിയായ അഞ്ചു വയസ്സുകാരന്റെ ഇടത് കൈയിലെ നടുവിരലാണ് പൂർണമായും അറ്റു പോയത്. വിരലിൽ നിന്നും നശിച്ച ഭാഗങ്ങൾ നീക്കം ചെയ്ത് എല്ലുകളെ നേർത്ത സ്റ്റീൽ വയർ ഉപയോഗിച്ച് കൂട്ടി യോജിപ്പിക്കുകയും കൈത്തണ്ടയിൽ നിന്നും വെയിൻ ഗ്രാഫ്റ്റ് ഉപയോഗിച്ച് രക്തക്കുഴലുകൾ തമ്മിൽ ഓപ്പറേഷൻ മൈക്രോസ്‌കോപ്പ് സഹായത്താൽ തലമുടി നാരിനെക്കാൾ സൂക്ഷ്മമായ ശസ്ത്രക്രിയ നൂലുകൾ ഉപയോഗിച്ച് തുന്നി ചേർക്കുകയുമായിരുന്നു. അതിസങ്കീർണമായ മൈക്രോവാസ്‌കുലർ ശസ്ത്രക്രിയയിലൂടെയാണ് വിരൽ തുന്നിച്ചേർത്തത്. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് പ്ലാസ്റ്റിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ശ്രീലാൽ ശ്രീധരൻ ഡോ.വിമൽ വിജയൻ, ക്രിട്ടിക്കൽ കെയർ മെഡിസിൻ മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സുജീഷ്. ആർ, സ്റ്റാഫ് നഴ്സുമാരായ മീര,അനുഗ്രഹ,റോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീമിലെ പ്ലാസ്റ്റിക് സർജനായ ഡോ. റോഷ്‌ജോ റോഷൻ അട്ടോകാരൻ എന്നിവർ ചേർന്നാണ് പൂർത്തിയാക്കിയത്. ഒരു മാസത്തിനുശേഷം കൈ വിരലിന്റെ ചലന ശേഷിയും 6 മാസത്തിനുള്ളിൽ സ്പർശന ശേഷിയും വീണ്ടെടുക്കാൻ കഴിയുമെന്ന് ഡോക്ടർമാർ അറിയിച്ചു.