കാരിക്കോട് ക്ഷേത്ര ദേവസ്വം ഉപദേശക സമിതി പിരിച്ചു വിട്ടു

Friday 22 August 2025 1:55 AM IST

 അംഗങ്ങൾക്ക് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആജീവനാന്ത വിലക്ക്

തൊടുപുഴ: ചട്ട വിരുദ്ധമായ പ്രവർത്തനങ്ങൾനടത്തിയതായി തെളിഞ്ഞതിനെ തുടർന്ന് കാരിക്കോട് ക്ഷേത്രത്തിലെ ദേവസ്വം ഉപദേശക സമിതി പിരിച്ച് വിട്ടു. പിരിച്ച് വിട്ട ഭരണസമിതി അംഗങ്ങൾക്ക് മറ്റ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടേതാണ് ഉത്തരവ്. പൊതുജനങ്ങളിൽ നിന്നും ഉത്സവത്തിന്റെ പേരിൽ വൻതുക സംഭാവനയായി സ്വീകരിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചെലവഴിച്ചത്. ഉത്സവത്തിനോട് അനുബന്ധിച്ച് ദേവസ്വം ബോർഡ് നടത്തിയ ലേല നടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഭാരവാഹികൾക്കെതിരായ റിപ്പോർട്ടിലുള്ളത്. ഇക്കാര്യത്തിൽ ഭാരവാഹികളെ നേരിട്ട് വിളിച്ച് വരുത്തി ദേവസ്വം ബോർഡ് അവരുടെ ഭാഗം കേട്ടിരുന്നു. ക്രമക്കേട് സ്ഥിരീകരിച്ച് ദേവസ്വം ബോർഡ് വിജിലൻസ് സൂപ്രണ്ട് റിപ്പോർട്ട് നൽകിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്. ഇതോടൊപ്പം ദേവസ്വത്തിലെ 2025 - 27 വർഷത്തിലെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ധനകാര്യ അക്കൗണ്ട്സ് ഓഫീസറെ ചുമതലപ്പെടുത്തി. ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയാൽ നിലവിലുണ്ടായിരുന്ന ഭാരവാഹികൾക്കെതിരെ ക്രിമിനൽ കേസെടുക്കും. ക്ഷേത്രത്തിന്റെ തുടർപ്രവർത്തനങ്ങൾ തൃക്കാരിയൂർ അസി. ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും.