അപകടം ഒഴിയാതെ മുതലപ്പൊഴി

Friday 22 August 2025 2:01 AM IST

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അപകടമൊഴിയാത്തതിന്റെ ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ.കഴിഞ്ഞ ഒരു മാസത്തിനിടെ ദിവസേന അപകടങ്ങളുണ്ടായതിന് പുറമേ ​രണ്ടുപേരുടെ ജീവൻ നഷ്ടമായതാണ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.

നാലുവർഷത്തിനിടെ 21 പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞു. മണൽനീക്കം വേഗത്തിലാക്കാൻ കണ്ണൂരിൽ നിന്നെത്തിച്ച ചന്ദ്രഗിരി ഡ്രഡ്‌ജർ ഒരു മാസത്തിനിടെ 24 മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചതെന്നും മണൽനീക്കം നിലച്ചിട്ട് മാസങ്ങളായെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലപ്പഴക്കവും സാങ്കേതിക തകരാറുമാണ് ഡ്രഡ്‌ജ‌റിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്.

അഴിമുഖത്തെ മണൽ നീക്കവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ സ്വമേധയായെടുത്ത കേസിൽ കക്ഷിച്ചേരാനും മനുഷ്യാവകാശ കമ്മിഷന് ഇതുമായി ബന്ധപ്പെട്ട കേസ് നൽകാനുമാണ് മുതലപ്പൊഴി അവകാശ സംരക്ഷണസമിതിയുടെ തീരുമാനം.

ആഴക്കുറവ് വെല്ലുവിളി

മണൽ നീക്കം പൂർണമായി നിലച്ച അഴിമുഖത്ത് ആഴക്കുറവുണ്ടായി. മണൽത്തിട്ട വികസിച്ചതോടെ അപകടങ്ങളും വർദ്ധിച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.ഏറെ വർഷങ്ങൾക്കുശേഷം മൂടിയ പൊഴി ഏപ്രിൽ മാസത്തോടെ മുറിച്ചെങ്കിലും അപകടഭീഷണി മാറിയില്ല.മഴക്കാലമായതോടെ അഴിമുഖത്തെ മണൽത്തിട്ടയ്ക്ക് മുകളിലൂടെ മഴവെള്ളത്തിന്റെ ഒഴുക്ക് ശക്തമായി ആഴം വർദ്ധിച്ചു. മഴയുടെ ശക്തി കുറഞ്ഞതോടെ ആഴക്കുറവ് വീണ്ടും വില്ലനായി. വർഷത്തിൽ രണ്ടുതവണ മണൽ നീക്കണമെന്ന നിർദ്ദേശവും പാലിച്ചില്ല.

പ്രശ്‌നങ്ങൾ

1.അഴിമുഖത്തെ പല ഭാഗത്തും ഒന്നരമീറ്ററിനുള്ളിലാണ് താഴ്ച. ആഴക്കുറവ് കാരണം പല വള്ളങ്ങളും

വടക്കേ പുലിമുട്ടിനോട് ചേർന്നാണ് കടലിൽ പ്രവേശിക്കുന്നതും തിരികെ വരുന്നതും.

2.ആഴക്കുറവ് പരിഹരിച്ചിരുന്നെങ്കിൽ ഒരുപരിധിവരെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമായിരുന്നു.

ശാസ്ത്രീയമായ രീതിയിലല്ല മുതലപ്പാെഴി ഹാർബറിൽ പുലിമുട്ട് നിർമ്മിച്ചിരിക്കുന്നത്.

3.കടലിന്റെ ഒഴുക്കും മണ്ണടിയുന്നതിന്റെ ദിശയും മനസിലാക്കുന്നതിൽ വന്ന

അപാകതയാണ് അഴിമുഖത്ത് അപകടം വർദ്ധിക്കാൻ കാരണം.

2024ന് ശേഷം: 7 മരണം

35ലേറെ അപകടങ്ങൾ

50ലേറെ പേർക്ക് പരിക്ക്