3.24കോടിയുടെ കവർച്ച: മുഖ്യപ്രതി ചെന്നൈയിൽ പിടിയിൽ

Friday 22 August 2025 1:18 AM IST

ആലപ്പുഴ: കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്നകേസിലെ മുഖ്യപ്രതി മരിയപ്പൻ (സതീഷ് ) പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ ചെന്നൈയിൽ നിന്ന് സാഹസികമായാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൊല്ലത്തെ ജൂലറി ഉടമയ്ക്ക് വേണ്ടി കൊണ്ടുവന്ന പണമാണ്ജൂൺ 13ന് പുലർച്ചെ നാല് മണിക്ക് ദേശീയപാതയിൽ ചേപ്പാട് രാമപുരത്ത് പാഴ്സൽ ലോറിക്ക് കുറുകെ കാർ നിറുത്തി ഡ‌്രൈവറെ മർദ്ദിച്ച് കവർന്നത്. സംഭവശേഷം മരിയപ്പൻ വിവിധ സംസ്ഥാനങ്ങളിലായി കഴിയുകയായിരുന്നു. അറിയപ്പെടുന്ന വോളിബാൾതാരം കൂടിയായ ഇയാൾ കായികരംഗത്തെ പരിചയം മുതലെടുത്താണ് ഗോവ, കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിൽ താമസിക്കാൻ സൗകര്യം തരപ്പെടുത്തിയത്. താമസിക്കുന്ന സ്ഥലത്തെ ആരുടെയെങ്കിലും ഫോൺ നമ്പരായിരുന്നു ഉപയോഗിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ ബജിത് ലാൽ, സി.പി.ഒമാരായ ഷാനവാസ്‌, നിഷാദ്, അഖിൽ മുരളി എന്നിവരടങ്ങുന്ന സംഘം രണ്ടുമാസമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിൽ മരിയപ്പന്റെ സഹോദരൻ ഉൾപ്പടെ നാല് പ്രതികളെ തമിഴ്നാട്, കർണാടക, മുംബയ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് രഹസ്യ ഓപ്പറേഷനിലൂടെ പിടിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യപ്രതി മരിയപ്പൻ ആണെന്ന് മനസ്സിലാക്കിയത്.

പിടികൂടിയത് സാഹസികമായി

ഈ മാസം 14ന് മരിയപ്പൻ ഫോൺ ചെയ്ത സിമ്മിന്റെ ഉടമസ്ഥനെ കണ്ടെത്തിയ അന്വേഷണസംഘം നിരവധി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയുടെ താമസസ്ഥലം മനസ്സിലാക്കിയത്. 20ന് അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തുപോയ ഇയാളെ കാത്ത് പൊലീസ് സംഘം മണിക്കൂറുകളോളം പരിസരത്ത് നിലയുറപ്പിച്ചു. കൈയ്യിൽ ഒരു ബാഗുമായി മറ്റൊരാൾക്കൊപ്പം നടന്നു പോകുന്നതായി കണ്ട പൊലീസ് സംഘം ഇയാളെ സാഹസികമായി പിടിക്കൂടുകയായിരുന്നു. കായംകുളം ഡിവൈ.എസ്.പി ബിനുകുമാർ , കരീലകുളങ്ങര സി.ഐ നിസാമുദ്ദീൻൻ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.