ട്രാൻ.ബസ് അടിച്ചുതകർത്ത യുവാക്കൾ അറസ്റ്റിൽ
മുളന്തുരുത്തി: ആറന്മുളയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന പറവൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന് നേരെ ആക്രമണം. ബസിന്റെ ചില്ല് തകർക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ കുലയറ്റിക്കര സ്വദേശിയും ഓട്ടോഡ്രൈവറുമായ അഖിൽ (35), കാഞ്ഞിരമറ്റം സ്വദേശി മനു (30) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം.
കഞ്ചാവ് കേസിലെ പ്രതികളായ ഇവർ കാഞ്ഞിരമറ്റം മുതൽ ബസിനെ കടത്തിവിടാതെ ഓട്ടോയുമായി മാർഗതടസം സൃഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുളന്തുരുത്തി പള്ളിത്താഴത്തുവച്ച് ബസ് തടഞ്ഞുനിറുത്തി ഇരുവരും ഇരുമ്പുവടി ഉപയോഗിച്ച് ബസ് ഡ്രൈവറെ ആക്രമിച്ചു. ഗ്ലാസും അടിച്ചുതകർത്തു. ഡ്രൈവർ ഫെമിൻദത്തിന് (45) ഗുരുതരമായി പരിക്കേറ്റു. കണ്ടക്ടർ ഷെഫീഖിനെയും യാതക്കാരെയും അസഭ്യം പറഞ്ഞ് ആക്രമിക്കാനും ശ്രമിച്ചു. യാത്രക്കാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നു ഇരുവരും ഓട്ടോയിൽ കടന്നുകളഞ്ഞു. തുടർന്ന് അന്നുരാത്രിതന്നെ ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു. ഇതിനിടയിൽ പ്രതികൾ പൊലീസ് ജീപ്പിന്റെ മുൻവശത്തെ ചില്ലും അടിച്ചുതകർത്തു. ഇരുവരെയും ഇന്നലെ റിമാൻഡ് ചെയ്തു.
മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ്, എസ്.ഐമാരായ ലൈസ, പ്രിൻസി, സി.പി.ഒ മാരായ ജിൻസി, ശ്രീജിത്ത് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.