സ്കൂളിലെ സ്ഫോടനം: കണ്ടെത്തിയത് മാരക സ്ഫോടക വസ്തുവെന്ന് എഫ്.ഐ.ആർ

Friday 22 August 2025 12:23 AM IST

പാലക്കാട്: വടക്കന്തറ വ്യാസ വിദ്യാപീഠം വിദ്യാനികേതൻ സ്‌കൂളിൽ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പൊലീസ് എഫ്.ഐ.ആർ. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ കൊണ്ടുവന്നു വെച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. എക്സ്‌പ്ലോസീവ് ആക്ട് 3 (എ), 4 (എ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 10 വയസുള്ള കുട്ടിക്ക് പരിക്ക് പറ്റിയതിനാൽ ജുവനൈൽ ജസ്റ്റിസ് വകുപ്പിലെ 75ാം വകുപ്പ് ചുമത്തി. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ സ്‌ഫോടക വസ്തു എത്തിയതിൽ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. മൂത്താന്തറ-വടക്കന്തറ മേഖലകൾ ആർ.എസ്.എസ് കേന്ദ്രമാണെന്നും ആർ.എസ്.എസിന്റെ ശാഖ രാവിലെയും രാത്രിയും സ്‌കൂളിന്റെ പരിസരത്ത് നടക്കുന്നുണ്ടെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു. സ്‌കൂളിന് 600 മീറ്റർ അകലെയാണ് ജില്ലയിലെ ആർ.എസ്.എസ് കാര്യാലയം പ്രവർത്തിക്കുന്നത്. അവിടെ റെയ്ഡ് ചെയ്താൽ ഭീകരമായ ആയുധം കണ്ടെത്താൻ കഴിയും. ആർ.എസ്.എസ് കാര്യാലയവും ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു. സ്‌കൂളുകളിൽ ശാഖ നടത്തുന്നത് ഒഴിവാക്കാനും ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും ശാഖ നടത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു. സ്‌ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എ.ഇ.ഒയ്ക്ക് ഡി.ഡി.ഇ നിർദേശം നൽകി. പാലക്കാട് എ.ഇ.ഒ സ്‌കൂളിൽ പരിശോധന നടത്തി. പ്രധാനാദ്ധ്യാപികയുടേയും അദ്ധ്യാപകരുടേയും മൊഴി രേഖപ്പെടുത്തി. സ്‌കൂളിന്റെ രേഖകൾ കൂടി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും.