നിരപരാധിക്ക് പൊലീസ് മർദ്ദനം: യുവാവ് എസ്.പി​ക്ക് പരാതി​ നൽകി​

Friday 22 August 2025 12:26 AM IST

മൂവാറ്റുപുഴ: ബാറ്ററി മോഷണം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ കുറ്റക്കാരനല്ലെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് നിരുപാധികം വിട്ടയച്ച് തടി​യൂരി​. പെരുമ്പല്ലൂർ വള്ളിക്കാട് മടത്തികുടിയിൽ അമൽ ആന്റണിയെയാണ് (35) വിട്ടയച്ചത്. തന്നെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും തനി​ക്ക് നഷ്ടപരി​ഹാരം വേണമെന്നുമാവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലീസിലും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയി​ന്റ് അതോറിട്ടിക്കും പരാതി നൽകി. സംഭവത്തെക്കുറി​ച്ച് അന്വേഷി​ക്കാൻ മൂവാറ്റുപുഴ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി​.

കഴിഞ്ഞ 12നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പൂവില്‍പന കേന്ദ്രത്തിൽനിന്ന് ബാറ്ററി മോഷണംപോയി​. കടഉടമ സി.സി ടിവി പരിശോധിച്ചപ്പോൾ കടയുടെ മുന്നിലൂടെ യുവാവ് ബാറ്ററിയുമായി പോകുന്നത് കണ്ടി​രുന്നു. തുടർന്നുള്ള അന്വേഷണം ടൗണിലെ ആക്രിക്കടയിലെത്തി. പി​ന്നീട് അമലിനെതിരെ പൂക്കടഉടമ പൊലീസിൽ പരാതി നല്‍കി. പരാതി ലഭിച്ചതോടെ മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് യുവാവിനെ വീട്ടിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി​. പൊലീസ് സ്റ്റേഷൻവരെ ജീപ്പി​ൽവച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.

ഏത് കടയിൽനിന്ന് മോഷ്ടിച്ച ബാറ്ററിയാണ് വിറ്റതെന്ന് ചോദിച്ചായിരുന്നു മർദനം. കുറ്റം സമ്മതിക്കാതെ വന്നതോടെ ബാറ്ററിയുടെ ബില്ലുമായി എത്താൻ കടഉടമയോട് പൊലീസ് ആവശ്യപെട്ടു. ബില്ല് പരിശോധി​ച്ചതോടെ യുവാവ് വിറ്റ ബാറ്ററി കടയിൽനിന്ന് കാണാതായതല്ലെന്ന് വ്യക്തമായി​. തന്റെ വീട്ടിലെ ഉപയോഗശൂന്യമായ ബാറ്ററി വിൽക്കാനാണ് ഈ കടയുടെ മുന്നിലൂടെ കടന്നുപോയതെന്ന് അമൽ പറയുന്നു. ഇയാൾ നിരപരാധിയാണന്ന് മനസിലാക്കിയതോടെ സ്റ്റേഷനിൽനിന്ന് പൊലീസ് വിട്ടയച്ചു. പരി​ക്കേറ്റ അമൽ സ്വകാര്യ ആയുർവേദ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.