വെർച്വൽ അറസ്റ്റ് തട്ടിപ്പ്: മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ
കയ്പമംഗലം: ശ്രീനാരായണപുരം സ്വദേശിയിൽ നിന്ന് പന്ത്രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് ചക്കരക്കുളമ്പ് തോട്ടാശ്ശേരി വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് (22) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് പന്നിയങ്കരയിൽ നിന്നും പിടികൂടിയത്.
ശ്രീനാരായണപുരം സ്വദേശിയെ 2025 ഏപ്രിൽ ഏഴിന് വീഡിയോ കോളിൽ വന്ന് ഭീഷണിപ്പെടുത്തി 12.25 ലക്ഷം തട്ടിയെടുക്കുകയും, തട്ടിപ്പ് പണത്തിൽ നിന്ന് ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചുവാങ്ങി എ.ടി.എം മുഖേന പിൻവലിച്ച് പ്രധാനപ്രതിക്ക് നൽകിയ തട്ടിപ്പ് സംഘത്തിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. ഡൽഹി ക്രൈം ഡിപ്പാർട്ട്‌മെന്റിൽ നിന്നുമാണെന്നും പരാതിക്കാരന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോണെടുത്തെന്നും പരാതിക്കാരനെ ഡൽഹി പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് യൂണിഫോമിൽ വീഡിയോ കോളിൽ വന്ന പ്രധാന പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
വാട്‌സ് ആപിലൂടെ സുപ്രീംകോടതിയുടെ വ്യാജ ലെറ്റർ പാഡിൽ ലെറ്റർ അയച്ച് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം വെരിഫൈ ചെയ്യാനായി നോട്ടറി ഡിപ്പാർട്ട്‌മെന്റിന്റെ അക്കൗണ്ടിലേക്കാണെന്ന് പറഞ്ഞ് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈനായി മൂന്ന് തവണകളായി 12.25 ലക്ഷം രൂപ അടുത്ത ദിവസം അക്കൗണ്ടിൽ തിരിച്ചുവരുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിയെടുത്തത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ.ഷാജി, എസ്.ഐ അശ്വിൻ റോയ്, ചാലക്കുടി പൊലീസ് സ്റ്റേഷൻ എസ്.ഐ ഹരിശങ്കർ പ്രസാദ്, മാള പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഒ അഭിലാഷ്, എ.എസ്.ഐ വഹാബ്, തൃശൂർ റൂറൽ ഡാൻസാഫ് അംഗം ജി.എസ്.സി.പി.ഒ പി.എക്‌സ്.സോണി, മതിലകം ജി.എസ്.സി.പി.ഒമാരായ ജമാൽ, ഷനിൽ, സി.പി.ഒ റിസ്വാൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.