ചന്ദനക്കടത്ത് സംഘത്തിലെ പ്രധാനി റിമാൻഡിൽ

Friday 22 August 2025 12:28 AM IST

കോടാലി : വെള്ളിക്കുളങ്ങര റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നിന്നും ചന്ദനം മുറിച്ചുകടത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊടുങ്ങ മഞ്ഞപ്പിള്ളി വീട്ടിൽ വിഷ്ണുവാണ് (28) റിമാൻഡിലായത്. ഇഞ്ചക്കുണ്ട് ഭാഗത്ത് നിന്നും ചന്ദനം മുറിക്കുന്ന സമയത്ത് നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനൊരുങ്ങുമ്പോൾ മൂവർ സംഘം ഓടി രക്ഷപെടുകയായിരുന്നു. തെരച്ചിലിനൊടുവിൽ ചന്ദനം മുറിച്ചുകടത്തിയ കേസിലെ പ്രതികളിൽ ഒരാളായ വിഷ്ണുവിനെ വനം വകുപ്പ് ജീവനക്കാർ പിടികൂടുകയായിരുന്നു. റേഞ്ച് പരിധിയിൽ നിന്നും ചന്ദനം മുറിച്ചുകടത്തിയ ആറ് വിവിധ കേസുകളിൽ പ്രതിയാണ് വിഷ്ണു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രണ്ട് കുപ്രസിദ്ധ കുറ്റവാളികളും, 17 വിവിധ ചന്ദന കടത്തുകേസുകളിൽ പ്രതിയുമായ വെള്ളിക്കുളങ്ങര, മാവിൻചുവട് പുതുശ്ശേരി വീട്ടിൽ ജോയി എന്ന വീരപ്പൻ ജോയ്, 14 ചന്ദനക്കടത്ത് കേസിലെ പ്രതിയായ എറണാകുളം ഗോതുരുത്ത് വാടപ്പുറത്ത് മനു എന്നിവരുടെ പങ്കും ഇവരെക്കുറിച്ചുള്ള നിർണായക തെളിവും ലഭിച്ചിട്ടുണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഈ കേസിലെ മറ്റ് പ്രതികളായ വീരപ്പൻ ജോയി, മനു എന്നിവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.

ചന്ദനമരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ നാട്ടുകാരുടെയും യുവാക്കളുടെയും സഹകരണത്തോടെ ഇൻഫോർമർ ഗ്യാംഗുകൾ രൂപീകരിക്കാനും വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനും, ക്യാമറയിൽ ചിത്രങ്ങൾ അപ്പപ്പോൾ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നത് വഴി കുറ്റകൃത്യം നടന്നാൽ ഉടൻ പിടികൂടാനും സാധിക്കുന്ന നിലയിലേയ്ക്ക് പ്രവർത്തനം നടന്നുവരുന്നതായും റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.എ.അനൂപിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എ.രാകേഷ്, കെ.എസ്.ദീപു, എം.സി.ഷനിത, കെ.ജെ.ജിൻഷ, ടി.കെ.അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.