അമിതപലിശയ്ക്ക് പണം വായ്പയായി നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ

Friday 22 August 2025 12:28 AM IST

കയ്പമംഗലം: ബ്ലാങ്ക് ചെക്കുകൾ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പയായി നൽകിയ കേസിൽ കയ്പമംഗലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ബീച്ച് സ്വദേശി കാരയിൽ വീട്ടിൽ സുമനാണ് (47) പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, വിവിധ വ്യക്തികൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ ഇയാളുടെ വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെടുത്തു. കേരള മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരമായിരുന്നു കേസ്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആർ.ബിജു, സബ് ഇൻസ്‌പെക്ടർ ടി.അഭിലാഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രിയ, പ്രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.