ആക്രമണം സുരക്ഷാവീഴ്ച, ഡൽഹി പൊലീസ് കമ്മിഷണറെ മാറ്റി, സതീഷ് ഗൊൽച്ച പുതിയ കമ്മിഷണർ, രേഖാ ഗുപ്‌തയ്‌ക്ക് 'ഇസഡ്' സുരക്ഷ

Friday 22 August 2025 12:34 AM IST

ന്യൂഡൽഹി: ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത ആക്രമണത്തിനിരയായതിനു പിന്നാലെ ഡൽഹി പൊലീസ് കമ്മിഷണർ എസ്.ബി.കെ സിംഗിനെ മാറ്റി. പകരം 1992 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സതീഷ് ഗൊൽച്ചയെ നിയമിച്ചു. മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. സംഭവം നടന്ന മുഖ്യമന്ത്രിയുടെ സിവിൽ ലൈൻസിലെ ക്യാമ്പ് ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കാര്യക്ഷമതയോടെ പ്രവർത്തിച്ചില്ലെന്നും ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. രേഖാ ഗുപ്‌തയ്‌ക്ക് സി.ആർ.പി.എഫിന്റെ നേതൃത്വത്തിലുള്ള 'ഇസഡ്' കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ അനുവദിച്ചു. ഇന്നലെ സി.ആർ.പി.എഫ് സംഘം സുരക്ഷ ഏറ്റെടുത്തു. ഡൽഹി പൊലീസാണ് ഇതുവരെ സുരക്ഷ നൽകിയിരുന്നത്. ബുധനാഴ്ചത്തെ സംഭവത്തിനു ശേഷം ഇന്നലെ രേഖാ ഗുപ്‌ത ഡൽഹിയിലെ ഏഴ് ബി.ജെ.പി എം.പിമാരുമായി വസതിയിൽ കൂടിക്കാഴ്ച നടത്തി. ഡൽഹി മുഖ്യമന്ത്രിയുടെ തലമുടിയിലും കൈയിലും കടന്നുപിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിക്കാൻ പ്രതി ശ്രമിച്ചുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവത്തിൽ അറസ്റ്റിലായ ഗുജറാത്ത് രാജ്കോട്ടിലെ സാക്‌രിയ രാജേഷ് ഭായ് ഖിംജിയെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 നായപ്രേമിയെന്ന് പ്രതി

ഡൽഹിയിലെ തെരുവുനായകളെ മുഴുവൻ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്രണമെന്ന സുപ്രീംകോടതി വിധിയിൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന. രാജ്കോട്ടിൽ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം. മൂന്നുലക്ഷം തെരുവുനായകളുടെ പ്രശ്‌നമാണെന്ന് ഡൽഹി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പറയാനാണ് പോയതത്രെ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഇയാൾ അഞ്ചു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. വിധിക്കെതിരെ പ്രതിഷേധിക്കാൻ ഡൽഹിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് പ്രതിയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.