മധുരയിൽ ലക്ഷങ്ങളെ അണിനിരത്തി ദളപതി, സിംഹം വേട്ടയ്ക്കിറങ്ങിയെന്ന് വിജയ്

Friday 22 August 2025 12:44 AM IST

മധുര: 'സിംഹം ഒന്നിനേയും വെറുതെ തൊടില്ല, തൊട്ടാൽ വിടില്ല...' 2026 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള 'വേട്ട' ആരംഭിച്ചുവെന്ന് ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ്. പ്രത്യയശാസ്ത്ര ശത്രു ബി.ജെ.പിയാണെന്നും രാഷ്ട്രീയ ശത്രു ഡി.എം.കെയാണെന്നും മധുരയിൽ നടന്ന ടി.വി.കെയുടെ രണ്ടാമത് സംസ്ഥാന സമ്മേളനത്തിലും വിജയ് വ്യക്തമാക്കി. ബി.ജെ.പിയുമായി ചേർന്ന് കപടനാടകം കളിക്കുന്ന ഡി.എം.കെയെ 2026 തിരഞ്ഞെടുപ്പോടെ വീട്ടിലേക്ക് അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലക്ഷ കണക്കിന് പാർട്ടി പ്രവർത്തകരാണ് മധുരിയിലെ പരപതിയിലെ മൈതാനത്തിലേക്ക് ഒഴുകിയെത്തിയത്. ''വീരം വിളയം മാമധുരൈ മണ്ണെ വണക്കം.'' എന്നു പറഞ്ഞ് വിജയ് പ്രസംഗം ആരംഭിച്ചപ്പോഴേ ജനസാഗരം ഇളകി മറിഞ്ഞു. ''ഒരു സിംഹം ഒരിക്കൽ ഗർജ്ജിച്ചാൽ, ശബ്ദം എല്ലാദിക്കിലും പ്രതിധ്വനിക്കും. അത്തരമൊരു സിംഹം വേട്ടയാടാനേ പുറത്തുവരൂ. അത് വിനോദത്തിനായി വരുന്നില്ല. വേട്ടയാടുമ്പോഴും, അത് ജീവനുള്ള മൃഗങ്ങളെ മാത്രമേ വേട്ടയാടൂ. അത് തന്നെക്കാൾ വലിയ മൃഗങ്ങളെ ലക്ഷ്യമാക്കി ആക്രമിക്കും. കാട്ടിൽ ധാരാളം കുറുക്കന്മാരുണ്ടാകും.പക്ഷേ രാജാവ് സിംഹമാണ്.''- കരഘോഷങ്ങളോടെയാണ് ദളപതിയുടെ വാക്കുകളെ ജനം സ്വീകരിച്ചത്.

1967ലും 1977ലും രാഷ്ട്രീയ മാറ്റം സംഭവിച്ചതുപോലെ, 2026ലും മാറ്റം സംഭവിക്കും. വിക്രവണ്ടിയിൽ നടന്ന ആദ്യ സമ്മേളനം ഒരു വിജയാഘോഷമായിരുന്നു. ഒരപാട് ആക്ഷേപങ്ങൾ കേട്ടു. ഒരു ചെറു പുഞ്ചിരിയോടെ എല്ലാ ശബ്ദങ്ങളേയും ഞങ്ങൾ മറികടന്നു.ഈ ജനക്കൂട്ടം വെറും വോട്ടല്ല, മറിച്ച് ഭരണാധികാരികളെ വേട്ടയാടുന്ന കൂട്ടമാണ്.''

പെൺകുട്ടികളുടെ സംരക്ഷണമാണ് ടി.വി.കെയുടെ പ്രഥമ പരിഗണനയെന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ എം.പിയില്ലെന്ന് പറഞ്ഞ് തമിഴ്നാടിനെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അവഗണിക്കുന്നു. എം.ജി.ആർ ആരംഭിച്ച പാർട്ടി ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് വിജയ് ചോദിച്ചു. ഏത് വേഷം ധരിച്ച് ബി.ജെ.പി വന്നാലും തമിഴ് മക്കൾ സ്വീകരിക്കില്ല. ഡി.എം.കെ ബി.ജെ.പിയുമായി രഹസ്യബന്ധം വച്ചിട്ട്, പുറത്ത് എതിർപ്പ് നടിക്കുന്നു. റെയ്ഡ് വന്നാൽ ഡൽഹിയിൽ പോയി സന്ധി ചെയ്യുമെന്നും വിജയ് പറഞ്ഞു.

സ്റ്റാലിൻ അങ്കിൾ ദിസ്

ഈസ് റോങ്ങ് അങ്കിൾ

ബി.ജെ.പിയേയും ഡി.എം.കെയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച വിജയ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിനെക്കാൾ ആക്രമിച്ചത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയായിരുന്നു. ''സ്റ്റാലിൻ അങ്കിൾ ദിസ് ഈസ് റോങ്ങ് അങ്കിൾ'' എന്നു കളിയാക്കികൊണ്ടായിരന്നു വിമർശനം. തമിഴ്നാട്ടിൽ പെണ്ണുങ്ങൾക്ക് സുരക്ഷയുണ്ടോ? ചെറുപ്പക്കാർക്ക് സുരക്ഷയുണ്ടോ അങ്കിൾ. പെണ്ണുങ്ങൾക്ക് ആയിരം കൊടുത്താൽ എല്ലാമായോ അങ്കിൾ പെണ്ണുങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ അങ്കിൾ. ഇടയ്ക്ക് 'അപ്പാ' എന്നു വിളിക്കാൻ പറ‌ഞ്ഞ്. ദിസ് വെരി വെറി റോങ്ങ് അങ്കിൾ. 'മൈഡിയർ അങ്കിൾ മക്കളുടെ ശബ്ദം കേൾക്കിതാ...' ഇത് ഇടിമുഴക്കമായി മാറി പിന്നെ ആത് പോർമുഴക്കമായി മാറും' വിജയ് പറഞ്ഞു. എല്ലാ മണ്ഡലത്തിലും വിജയ് ആണ് മത്സരിക്കുന്നത് എന്ന് കരുതി വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.