ലഞ്ച് ബോക്സിൽ തോക്കുമായിയെത്തി അദ്ധ്യാപകനെ വെടിവച്ച് വിദ്യാർത്ഥി
ഡെറാഡൂൺ: തല്ലിയതിന്റെ വൈരാഗ്യം തീർക്കാൻ ലഞ്ച് ബോക്സിൽ തോക്കുമായിയെത്തി അദ്ധ്യാപകനെ വെടിവച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി. ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഗുരു നാനാക് സ്‌കൂളിലെ ഭൗതികശാശ്ത്ര അദ്ധ്യാപകനായ ഗാഗൻദീപ് സിംഗ് കോലിക്ക് നേരെയാണ് വിദ്യാർത്ഥിയായ സമരഥ് ബാജ്വ വെടിയുതിർത്തത്. പരിക്കേറ്റ ഗാഗൻദീപ് നിലവിൽ ചികിത്സയിലാണ്. പഠിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ ശിക്ഷിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ലഞ്ച് ബോക്സിൽ ഒളിപ്പിച്ച തോക്കുമായ് സമരഥ് ബുധനാഴ്ച സ്‌കൂളിൽ എത്തിയത്. ഗാഗൻദീപ് ക്ലാസെടുത്ത ശേഷം മടങ്ങുന്നതിനിടെ ലഞ്ച് ബോക്സിൽ നിന്ന് തോക്കെടുത്ത് സമരഥ് വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സമരഥിനെ മറ്റ് അദ്ധ്യാപകർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അദ്ധ്യാപകന്റെ കഴുത്തിലാണ് വെടിയേറ്റത്. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയതിനാൽ ജീവൻ രക്ഷിക്കാനായി. വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ധ്യാപകന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് പിടിച്ചെടുത്തു.