ബീഹാർ തിരഞ്ഞെടുപ്പിലും വോട്ടു മോഷണമെന്ന് രാഹുൽ
ന്യൂഡൽഹി: മഹാ സഖ്യം പരാജയപ്പെട്ട ബീഹാർ തിരഞ്ഞെടുപ്പിലും വോട്ടു മോഷണം നടന്നിരിക്കാമെന്ന് രാഹുൽ ഗാന്ധി. 'വോട്ടർ അധികാർ യാത്ര'യുടെ അഞ്ചാം ദിവസം ബീഹാറിലെ മുൻഗറിലെ ഹേംജാപൂരിൽ നടന്ന റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
എല്ലാ സംസ്ഥാനങ്ങളിലും നരേന്ദ്ര മോദിയും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് മനസ്സിലായി. ഇത്തവണ ഞങ്ങളുടെ കൈകളിൽ തെളിവുണ്ട്. ബീഹാറിൽ ഒരു വോട്ട് പോലും മോഷ്ടിക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. അതുകൊണ്ടാണ് ഈ യാത്ര നടത്തിയത്.
ബീഹാറിന്റെ ശക്തി ഈ യാത്രയിൽ ദൃശ്യമാണ്. ബീഹാറിലെ യുവാക്കളുടെ ശബ്ദം ഈ യാത്രയിൽ മുഴങ്ങുന്നു. വോട്ടു കള്ളൻമാർ സിംഹാസനം വിടൂ എന്ന് ജനങ്ങൾ ആവശ്യപ്പെടും. ഈ ശബ്ദം ഒരു സുനാമി പോലെ ഉയർന്നുവരും. ബീഹാറിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളിലും വ്യാപിക്കും. നരേന്ദ്ര മോദി കള്ളനാണെന്ന് രാജ്യം മുഴുവൻ അറിയും.
മഹാരാഷ്‌ട്രയിൽ വോട്ട് മോഷ്‌ടിച്ച് ധാരാവിയിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി അദാനിക്ക് നൽകി. ജനങ്ങളെ തൊഴിൽരഹിതരാക്കാനാണ് ഈ മോഷണം. ബീഹാറിലെയും മഹാരാഷ്ട്രയിലെയും എല്ലാ സംസ്ഥാനങ്ങളിലെയും മുഴുവൻ പണവും അദാനി, അംബാനി എന്നിവർക്ക് നൽകുന്നു.
വോട്ട് മോഷണം ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ഭരണഘടന ജനങ്ങളുടെ ശബ്ദമാണ്. നരേന്ദ്ര മോദിയും അദാനിയും അതിനെ നശിപ്പിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുന്നു. അതിന് അനുവദിക്കില്ല.