ഉപരാഷ്ട്രപതി തിര. സുദർശൻ റെഡ്ഡി പത്രിക സമർപ്പിച്ചു

Friday 22 August 2025 1:27 AM IST

ന്യൂഡൽഹി: 'ഇന്ത്യ' മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി,എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാർ,ഡി.എം.കെയിലെ തിരുച്ചി ശിവ,സി.പി.എമ്മിലെ ജോൺ ബ്രിട്ടാസ് തുടങ്ങി 'ഇന്ത്യ' മുന്നണി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണിത്. പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ച നടത്തിയ ശേഷമാണ് സുദർശൻ റെഡ്‌ഡി വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിന് മുന്നിലെത്തിയത്. നാലു സെറ്റ് പത്രിക കൈമാറി. തിരഞ്ഞെടുപ്പ് വ്യക്തിപരമല്ലെന്ന്,പത്രിക സമർപ്പിച്ച ശേഷം സുദർശൻ റെഡ്‌ഡി പ്രതികരിച്ചു. ഇന്ത്യയെന്ന ആശയം വീണ്ടും ഉറപ്പിക്കാനുള്ള പോരാട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ കണ്ട് സുദർശൻ റെഡ്ഡി പിന്തുണ അഭ്യർത്ഥിച്ചു. പ്രിയങ്കഗാന്ധിയേയും സന്ദർശിച്ചു. പത്രിക സമർപ്പിക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചു. സെപ്തംബർ 9നാണ് തിരഞ്ഞെടുപ്പ്.

വിജയിക്കാൻ ആവശ്യമായ സീറ്റുകൾ കൈയിലില്ലാത്ത പ്രതിപക്ഷത്തിന് പ്രതീതാത്മക മത്സരമാണ്. ഭരണഘടന സംരക്ഷിക്കുകയെന്ന മുദ്രാവാക്യത്തിന്റെ ഭാഗമായാണ് ഉപരാഷ്ട്രതി തിരഞ്ഞെടുപ്പിനെയും 'ഇന്ത്യ' മുന്നണി സമീപിച്ചിരിക്കുന്നത്. അതേസമയം,എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്‌ണന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ശരദ് പവാറിനെയും,ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ഉദ്ദവ് താക്കറെയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിളിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ അഭ്യർത്ഥിച്ചിരുന്നു.