നടിയെ പോലെയാവണം നിർബന്ധിച്ച് ജിമ്മിലയച്ച ഭർത്താവിനെതിരെ കേസ്
ലക്നൗ: ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെയാകാൻ ഭാര്യയെ നിർബന്ധിച്ച് ജിമ്മിലയച്ച ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകി യുവതി. ദിവസവും മൂന്ന് മണിക്കൂർ ജിമ്മിൽ ചെലവഴിക്കണമെന്നും ഇല്ലെങ്കിൽ ഭക്ഷണം തരില്ലെന്നുമാണ് 26കാരിയായ യുവതി വെളിപ്പെടുത്തൽ. സംഭവത്തിൽ യു.പി പൊലീസ് കേസെടുത്തു. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും തനിക്കെതിരെ നിരന്തരമായി ബോഡിഷെയ്മിംഗ് നടത്തുകയാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും ഗർഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഗസിയാബാദ് സ്വദേശിയായ ഷാനുവാണ് ഭർത്താവ് ശിവം ഉജ്വലിൽ നിന്ന് ക്രൂരതകൾക്കിരയായത്. കഴിഞ്ഞ മാർച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാർ നിശ്ചയിച്ച വിവാഹമായിരുന്നു. സ്ത്രീധനമായി 16 ലക്ഷം രൂപ മൂല്യമുള്ള സ്വർണം, 24 ലക്ഷം രൂപയുടെ മഹീന്ദ്ര സ്‌കോർപിയോ കാർ, പോക്കറ്റ് മണിയായി പത്തുലക്ഷം രൂപ എന്നിവയുൾപ്പെടെ 75 ലക്ഷം രൂപയാണ് ഷാനുവിന്റെ വിവാഹത്തിനായി വീട്ടുകാർ ചെലവഴിച്ചത്.
സർക്കാർ സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകനാണ് ശിവം. ഭർതൃമാതാവ് എപ്പോഴും വീട്ടുജോലികൾ ചെയ്യിപ്പിക്കുമെന്നും ഭർത്താവുമൊത്ത് പുറത്തുപോകാൻ അനുവദിക്കാറില്ലെന്നും ഷാനു പറഞ്ഞു. ശിവം മർദ്ദിക്കാറുമുണ്ടായിരുന്നു. ഭാര്യക്ക് നോറ ഫത്തേഹിയുടേതുപോലുള്ള രൂപം വേണമെന്നാണ് ശിവം ആഗ്രഹിച്ചത്. അതിനായി ദിവസവും മൂന്ന് മണിക്കൂർ വ്യായാമം ചെയ്തില്ലെങ്കിൽ ദിവസങ്ങളോളം ഭക്ഷണം തരില്ല. ആവശ്യത്തിന് പൊക്കവും വെളുത്ത നിറവും ഉണ്ടായിട്ടും ഭർതൃവീട്ടുകാർ ബോഡി ഷെയ്‌മിംഗ് ചെയ്യുമെന്നും യുവതിയുടെ പരാതിയിലുണ്ട്. സ്ത്രീധനമായി കൂടുതൽ പണവും സ്വർണവും വസ്തുവും വേണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെടും. നിരസിച്ചാൽ മാനസികമായി പീഡിപ്പിക്കുമെന്നും യുവതി വ്യക്തമാക്കി.
മകളുടെ അവസ്ഥ മനസിലാക്കിയ വീട്ടുകാർ കഴിഞ്ഞ ജൂണിൽ ഷാനുവിനെ വീട്ടിൽ തിരികെ കൊണ്ടുവന്നു. ജൂലായിൽ അസുഖബാധിതയായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് ഗർഭം അലസിയത്. രണ്ടാഴ്ചയ്ക്കുശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 14നാണ് യുവതി ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ യുവതി പൊലീസിൽ പരാതി നൽകിയത്.