സോഷ്യൽ മീഡിയയുടെ പ്രിയങ്കരൻ, അമേരിക്കൻ ജഡ്‌ജി ഫ്രാങ്ക് കാപ്രിയോ ഓർമ്മയായി
വാഷിംഗ്ടൺ: യു.എസിലെ പ്രശസ്തനായ 'സെലിബ്രിറ്റി" ജഡ്ജിയും സോഷ്യൽ മീഡിയ താരവുമായ ഫ്രാങ്ക് കാപ്രിയോ (88) വിടവാങ്ങി. പാൻക്രിയാറ്റിക് ക്യാൻസറിന് ചികിത്സയിലിരിക്കെ ബുധനാഴ്ച റോഡ് ഐലൻഡിലെ വേക്ക്‌ഫീൽഡിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. മരണത്തിന്റെ തലേദിവസം ആശുപത്രിക്കിടയിൽ നിന്നുള്ള വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
1985 മുതൽ 2023 വരെ റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിൽ ചീഫ് ജഡ്ജ് ആയിരുന്നു അദ്ദേഹം. പ്രതിക്കൂട്ടിലെത്തുന്ന ആളുകളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ മനസിലാക്കി കരുണയും നർമ്മവും കലർത്തി വിധികൾ പ്രഖ്യാപിക്കുന്ന ശൈലി അദ്ദേഹത്തെ വേറിട്ടതാക്കി. കോടതി മുറിയിലെത്തുന്ന കുട്ടികളെ തനിക്കൊപ്പമിരുത്തി വാദം കേട്ടിരുന്ന അദ്ദേഹം സഹാനുഭൂതിയുടെ പ്രതീകമായി.
മനുഷ്യത്വപരമായ ഇടപെടലുകളും സ്നേഹത്തോടെയുള്ള സംസാരവും കാപ്രിയോയെ ജനപ്രിയനാക്കി. കാപ്രിയോ കേസുകൾ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോകൾ കോട്ട് ഇൻ പ്രൊവിഡൻസ് എന്ന ടെലിവിഷൻ ഷോയിലൂടെ കോടിക്കണക്കിന് ജനങ്ങൾ കണ്ടു.
കാപ്രിയോയുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ചു. 'ലോകത്തിലെ ഏറ്റവും നല്ലവനായ ന്യായാധിപൻ" എന്ന അപരനാമവും അദ്ദേഹം നേടി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും അടക്കം കാപ്രിയോയ്ക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. ജോയ്സ് ആണ് കാപ്രിയോയുടെ ഭാര്യ. അഞ്ച് മക്കളുണ്ട്.