റോഡിൽ കിടന്ന ഉടുമ്പിനെ കറിവച്ച് യുവാവ് , റീച്ച് കൂട്ടാൻ പാചകം ചെയ്ത ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ, പിന്നീട് സംഭവിച്ചത്
ഭുവനേശ്വർ: ഉടുമ്പിന്റെ മാംസം പാചകം ചെയ്തത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. ഒഡീഷയിലെ മയൂർഭഞ്ജ് സ്വദേശി രൂപ് നായകാണ് പിടിയിലായത്. ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. അപൂർവവും സംരക്ഷിതവുമായ ഉരഗ ഇനത്തിൽപ്പെട്ട ഉടുമ്പിനെയാണ് യുവാവ് പാകം ചെയ്തത്.
ഭദ്രകിലെ തന്റെ അമ്മായിയമ്മയുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് ബന്ത ചൗക്കിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ റോഡരികിലായി ചത്തു കിടന്ന ഉടുമ്പിനെ നായക് വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് മുറിച്ച് പാകം ചെയ്യുകയുമായിരുന്നു.റീച്ച് കൂട്ടുന്നതിനായി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ദൃശ്യങ്ങൾ വൈറലായതോടെ രൂപ് നായ്കിനെതിരെ സോഷ്യൽ മീഡിയിയിൽ പ്രതിഷേധം ആളിക്കത്തി. ഇതിനു പിന്നാലെയാണ് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ നായക് കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നിലധികം വകുപ്പുകൾ ചുമത്തി നായകിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യൂട്യൂബർ എന്ന നിലയിൽ ചാനൽ പ്രൊമോട്ട് ചെയ്യുന്നതിനും പണം സമ്പാദിക്കുന്നതിനുമാണ് ദൃശ്യങ്ങൾ എടുത്തതെന്ന് പൊലീസ് പറയുന്നു. വംശനാശഭീഷണി നേരിടുന്ന ഏതെങ്കിലും ജീവിയെ ഇത്തരത്തിൽ പാകം ചെയ്യുകയോ വേട്ടയാടുകയോ ചെയ്യുന്നത് വന്യജീവി നിയമപ്രകാരം ഗുരുതരവും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.