ഭാരം 300 കിലോ, തടവുപുളളിയെ പരിചരിക്കാൻ ചെലവാക്കുന്നത് ഒരു ലക്ഷത്തിലധികം രൂപ; പിന്നാലെ വിമർശനം
വിയന്ന: തടവുകാരനായി ജയിൽ അധികൃതർ ചെലവാക്കുന്ന പണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ വിമർശനങ്ങൾ ആളിപ്പടരുന്നു. ഓസ്ട്രിയയിലാണ് വേറിട്ട സംഭവം നടന്നിരിക്കുന്നത്. 300 കിലോഗ്രാം ശരീരഭാരമുളള 29 വയസുകാരനാണ് വാർത്തകളിൽ ഇടംപിടിച്ചത്. രാജ്യത്തെ വിവിധ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന ഒരു തടവുകാരന്റെ ശരാശരി ചെലവിനെക്കാൾ പത്ത് മടങ്ങ് കൂടുതലാണ് ഇയാൾക്കായി ചെലവാക്കുന്നത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കിടക്കുന്ന യുവാവിനുവേണ്ടി ഭീമമായ തുക ചെലവാക്കുന്നത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
യുവാവിന്റെ വീട്ടിൽ നിന്ന് 45 കിലോഗ്രാം കഞ്ചാവ്, രണ്ട് കിലോഗ്രാം കൊക്കെയ്ൻ, രണ്ട് കിലോഗ്രാം ആംഫെറ്റാമൈൻ, രണ്ടായിരത്തിലധികം ലഹരി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതോടെയാണ് യുവാവ് ജയിലിലായത്. ആദ്യം വിയന്നയിലെ ജോസഫ്സ്റ്റാഡ് ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. എന്നാൽ ഭാരം കൊണ്ട് കിടക്ക വളഞ്ഞുപോയതിനാൽ യുവാവിനെ കോർണ്യൂബർഗ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ജയിൽ മാറിയെത്തിയ യുവാവിനായി അധികൃതർ ഒരുക്കിയിരുന്നത് വിപുലമായ സൗകര്യങ്ങളായിരുന്നു. കസ്റ്റം വെൽഡഡ് (പ്രത്യേകമായി നിർമിച്ച) കട്ടിൽ, പുറത്ത് നിന്നുളള നഴ്സുമാരുടെ പരിചരണം തുടങ്ങിയവയും ഒരുക്കിയിരുന്നു. ഔദ്യോഗിക വിവരമനുസരിച്ച്, ഒരു സാധാരണ തടവുകാരന് 6000 രൂപയാണ് ഓസ്ട്രിയയിൽ ഒരു ദിവസം ചെലവാകുന്നത്. എന്നാൽ യുവാവിനെ ഒരു ദിവസം പരിചരിക്കുന്നതിനായി ഏകദേശം 1.6 ലക്ഷം രൂപ ചെലവാകുമെന്നാണ് വിവരം. ഇത് പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
സാധാരണ പൗരൻമാർക്ക് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരെ കാണാനായി മണിക്കൂറുകളോളം കാത്തിരിക്കുമ്പോൾ കൊടുംകുറ്റവാളികൾക്ക് എന്തിനാണ് ഇത്രയും പരിചരണം നൽകുന്നതെന്നായിരുന്നു ചോദ്യം.