പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച; മതിൽ ചാടിക്കടന്ന് ഒരാൾ അകത്ത് പ്രവേശിച്ചു

Friday 22 August 2025 12:10 PM IST

ന്യൂഡൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച. ഒരാൾ മരത്തിൽ കയറി മതിൽ ചാടിക്കടന്ന് പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. റെയിൽ ഭവന്റെ ഭാഗത്ത് നിന്ന് മതിൽ ചാടിക്കടന്നാണ് ഇയാൾ പാർലമെന്റ് മന്ദിരത്തിലെത്തിയത്.

ഗരുഡ ഗേറ്റിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയെന്നാണ് വിവരം. പിടിയിലായ ആളെ ചോദ്യം ചെയ്‌ത് വരികയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.പാർലമെന്റ് വർഷകാല സമ്മേളനം ഇന്നലെ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൻ സുരക്ഷാ വീഴ്‌ച ഉണ്ടായത്.

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടുണ്ട്. അന്ന് 20 വയസുള്ള ഒരാൾ പാർലമെന്റിന്റെ മതിൽ കയറി അനക്‌സ് കെട്ടിട വളപ്പിലേക്ക് ചാടിക്കടക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഷോർട്‌സും ടീ -ഷർട്ടും ധരിച്ച പ്രതിയെ സായുധരായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ പിടികൂടുന്നത് ഇതിൽ കാണാമായിരുന്നു. പരിശോധനയിൽ ഇയാളിൽ നിന്ന് സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല.