സിദ്ധാർത്ഥ് വരദരാജനും കരൺ ധാപ്പറിനുമെതിരായ പൊലീസ്‌ നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി, അറസ്‌റ്റ് തടഞ്ഞു

Friday 22 August 2025 12:19 PM IST

ന്യൂഡൽഹി: പ്രശസ്‌ത മാദ്ധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരൺ ധാപ്പറിനുമെതിരെ അസം പൊലീസെടുത്ത രാജ്യദ്രോഹ കേസിൽ ഇടപെട്ട് സുപ്രീംകോടതി. ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള പൊലീസ് നടപടി കോടതി സ്റ്റേ ചെയ്‌തു. പ്രമുഖ ഓൺലൈൻ മാദ്ധ്യമസ്ഥാപനമായ ദി വയറിന്റെ സ്ഥാപക എഡിറ്ററാണ് സിദ്ധാ‌ർത്ഥ് വരദരാജൻ. കൺസൾട്ടിംഗ് എഡിറ്ററാണ് കരൺ ധാപ്പർ. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 പ്രകാരമാണ് ഇരുവർക്കുമെതിരെ അസം പൊലീസ് കേസെടുത്തത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ദി വയറിൽ രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം വായുസേനയ്‌ക്ക് യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടു എന്ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് സിദ്ധാർത്ഥ് വരദരാജനും കരൺ ധാപ്പറിനുമെതിരെ കേസെടുത്തത്. ഗുവാഹത്തി ക്രൈംബ്രാഞ്ചിന് മുന്നിൽ ഇരുവരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത് ഇന്നായിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ആറോളം വകുപ്പുകൾ ചേർത്താണ് ഇരുവ‌ർക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇന്ന് ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് നോട്ടീസ് നൽകിയത്. ഇതിനിടെയാണ് ഇന്ന് സുപ്രീംകോടതി നടപടിയുണ്ടായിരിക്കുന്നത്.