നിമിഷപ്രിയയെ രണ്ട് ദിവസത്തിനകം തൂക്കിലേറ്റും, മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

Friday 22 August 2025 2:36 PM IST

ന്യൂഡൽഹി: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാർത്തകൾ അടുത്ത് മൂന്ന് ദിവസത്തേക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ എ പോളാണ് ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയിൽ സമ‌ർപ്പിച്ചത്. ജസ്റ്റിസ് വിക്രം നാഥടങ്ങുന്ന ബെഞ്ചിലാണ് ഇന്ന് ഹർജി സമർപ്പിച്ചത്.

ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കെ എ പോൾ കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് കോടതിയെ സമീപിച്ചതെന്നാണ് കെ എ പോൾ വ്യക്തമാക്കുന്നത്. മൂന്ന് ആവശ്യങ്ങളാണ് ഹർജിയിൽ പറയുന്നത്. മൂന്ന് ദിവസത്തേക്ക് നിമിഷപ്രിയയുമായി ബന്ധപ്പെട്ടുളള വാർത്തകൾ മാദ്ധ്യമങ്ങൾ നൽകുന്നത് വിലക്കണം, നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ലീഗൽ അഡ്വവൈസറായ സുഭാഷ് ചന്ദ്രനും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും ഈ വിഷയത്തിൽ നടത്തുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചത്. അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും കോടതി അറിയിച്ചു. താൻ വർഷങ്ങളായി യമനിൽ പ്രവർത്തിക്കുന്നയാളാണെന്ന് കെ എ പോൾ പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെ എ പോൾ നേരത്തെ പിരിവ് നടത്തിയിരുന്നു. ഇത് വിദേശകാര്യമന്ത്രാലയം തടഞ്ഞിരുന്നു.

2017 ജൂലായ് 25ന് യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യമന്‍ പൗരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. നിമിഷപ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.