ജെഎഫ്‌കെ വിമാനത്താവളത്തേക്കാൾ വലിപ്പം, ലക്ഷ്യം ട്രംപിന്റെ അമേരിക്ക: 13,000 കി.മീ ദൂരത്ത് കിം ജോങ് ഉന്നിന്റെ മിസൈൽ കോട്ട
ദിവസങ്ങൾക്ക് മുമ്പായിരുന്നു ഒരു യുദ്ധത്തിന് തിരികൊളുത്താൻ സാദ്ധ്യതയുള്ള യുഎസ്- ദക്ഷിണ കൊറിയ സൈനികാഭ്യാസം നടന്നത്. യുഎസും ദക്ഷിണ കൊറിയയും തമ്മിൽ വളരുന്ന സൈനിക ബന്ധം ചൊടിപ്പിച്ചത് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെയായിരുന്നു. ഈ വിവരം അറിഞ്ഞയുടൻ കിം ആദ്യം ആഹ്വാനം ചെയ്തത് രാജ്യത്തിന്റെ ആണവായുധ ശേഷി ധ്രുതഗതിയിൽ ഉയർത്താനായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചോ ഹ്യോൻ എന്ന നാവിക യുദ്ധക്കപ്പൽ സന്ദർശിച്ച് അതിലെ ആയുധ സംവിധാനങ്ങളെക്കുറിച്ച് റിപ്പോർട്ട് സ്വീകരിക്കവെയാണ് കിം ഈ പരാമർശം നടത്തിയത്.
ആണവായുധ ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതിനിടെ രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഒരു വ്യോമതാവളത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള ഈ രഹസ്യ സൈനിക താവളത്തിൽ നിന്ന് അമേരിക്കൻ വൻകരയെ ലക്ഷ്യമാക്കി മിസൈൽ തൊടുക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അമേരിക്കയെ സംബന്ധിച്ച് വലിയൊരു ആണവ ഭീഷണിയാണ് ഈ സൈനിക താവളമെന്നാണ് വിവരം.
ചൈനയുടെ അതിർത്തിയിൽ നിന്നും 27 കിലോ മീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന നോർത്ത് പ്യോംഗൻ പ്രവിശ്യയിലെ സിൻപുങ്ങിലാണ് ഈ രഹസ്യ വ്യോമതാവളം സ്ഥിതി ചെയ്യുന്നതെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (സിഎസ്‌ഐഎസ്) വ്യക്തമാക്കുന്നു. ആറ് മുതൽ ഒമ്പത് വരെയുള്ള നൂതന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അവയുടെ മൊബൈൽ ലോഞ്ചറുകളും ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികരും ഈ രഹസ്യതാവളത്തിലുണ്ട്. ഇതാണ് യുഎസിനെ സംബന്ധിച്ച് ഒരു ഭീഷണിയാണെന്ന് പറയപ്പെടുന്നത്.
ജെഎഫ്‌കെ വിമാനത്താവളത്തിനേക്കാൾ വലിപ്പം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത, ഒരു ഇടുങ്ങിയ പർവ്വത താഴ‌്‌വരയിലാണ് സിൻപുങ്- ഡോങ് സൈനികതാവളം സ്ഥിതി ചെയ്യുന്നത്. ഉത്തരകൊറിയയുടെ രഹസ്യ മിസൈൽ നിർമ്മിക്കുന്ന 20ഓളം രഹസ്യതാവളങ്ങളിൽ ഒന്നാണിത്. 2000ന്റെ തുടക്കത്തിൽ നിർമ്മാണം ആരംഭിച്ച രഹസ്യതാവളം 2014ഓടെയാണ് സജീവമായത്. കൊറിയൻ പീപ്പിൾസ് ആർമി (കെപിഎ) മിലിട്ടറി കൺസ്ട്രക്ഷൻ ബ്യൂറോയിലെ പ്രത്യേക എഞ്ചിനീയറിംഗ് സൈനികരെ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. ഉത്തരകൊറിയയിലെ ഇരുപതോളം വരുന്ന ബാലിസ്റ്റിക് മിസൈൽ താവളങ്ങൾ, അവയുടെ അറ്റകുറ്റപ്പണികൾ, മിസൈൽ സംഭരണം, വാർഹെഡ് സംഭരണ സൗകര്യങ്ങൾ എന്നിവയുടെയെല്ലാം ഉത്തരവാദിത്തം ഈ സൈനിക സംഘത്തിനായിരുന്നു എന്നാണ് വിവരം.
5643 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സൈനികതാവളത്തിന് അമേരിക്കയിലെ ജെഎഫ് കെന്നഡി വിമാനത്താവളത്തിനേക്കാൾ വലിപ്പമുണ്ടെന്നാണ് വിവരം. ഭൂഗർഭ ഷെൽട്ടറുകൾ, മൊബൈൽ മിസൈൽ ലോഞ്ചറുകൾക്കായി രൂപകൽപ്പന ചെയ്ത സോണുകൾ എന്നിവ ഈ ബേസിൽ ഉൾപ്പെടുന്നുണ്ട്. പരമ്പരാഗത മിസൈൽ സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി, സ്ഥിരമായ ലോഞ്ച് പാഡുകളും വലിയ പ്രതിരോധ സംവിധാനങ്ങളും ഇവിടെയില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
സിൻപുങ്- ഡാങ് മിസൈൽ താവളത്തിലേക്കുള്ള പ്രവേശന കവാടം സസ്യജാലങ്ങളാലും വനങ്ങളാലുമാണ് ചുറ്റപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് മറ്റ് ആരെയും കണ്ണിൽപ്പെടുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് സിഎസ്‌ഐഎസ് അഭിപ്രായപ്പെട്ടു. യുദ്ധസമയത്ത് ലോഞ്ചറുകളും മിസൈലുകളും പുറത്തേക്ക് എത്തിക്കാനും പ്രത്യേക യൂണിറ്റുകളുമായി ബന്ധപ്പെടുത്താനും കഴിയും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് കണ്ടെത്താൻ പ്രയാസമുള്ള വിക്ഷേപണങ്ങൾ നടത്താനും ഈ സൈനികതാവളങ്ങൾക്ക് കഴിയും. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, സിൻപുങ്- ഡോങ് മിസൈൽ ബേസിൽ ഒമ്പതോളം ആണവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അവയുടെ ലോഞ്ചറുകളും ഉണ്ട്. ഈ മിസൈലുകൾ കിഴക്കൻ ഏഷ്യയ്ക്കും അമേരിക്കൻ ഐക്യനാടുകൾക്കും ആണവ ഭീഷണി ഉയർത്തുന്നതാണ്.