'ഇപ്പോഴും ട്രോമയാണ്, ഞങ്ങൾ തമ്മിൽ അങ്ങനെയുള്ളൊരു ബന്ധമില്ല; കുടുംബ ജീവിതത്തെക്കുറിച്ച് പറയാത്തതിന് പിന്നിൽ'
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയലുകളിൽ സജീവമായ താരം ഇപ്പോൾ ബിഗ്ബോസ് സീസൺ 7ലെ മത്സരാർത്ഥി കൂടിയാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച മറക്കാൻ കഴിയാത്ത കാര്യങ്ങൾ ബിന്നി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. കുടുംബജീവിതത്തെക്കുറിച്ച് താരം ഇതുവരെ മാദ്ധ്യമങ്ങളിലൊന്നിലും പങ്കുവച്ചിട്ടുണ്ടായിരുന്നില്ല. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബിന്നി കുട്ടിക്കാലത്ത് അനുഭവിച്ച ദുരന്തങ്ങളെക്കുറിച്ച് പറഞ്ഞത്.
'തകർന്നുപോയൊരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അച്ഛൻ, അമ്മ, സഹോദരൻ, പിന്നെ ഞാൻ. ഞങ്ങൾ ഒരുമിച്ചല്ലായിരുന്നു താമസം. അമ്മ ഹെയർ സ്റ്റൈലിസ്റ്റായിരുന്നു. കുവൈത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. എനിക്ക് മൂന്ന് വയസുളളപ്പോഴായിരുന്നു അമ്മ പോയത്. അച്ഛൻ നാട്ടിലുണ്ടായിരുന്നു. ഞാൻ പഠിച്ചത് ചൈനയിലായിരുന്നു. ഞങ്ങൾ തമ്മിൽ ഒരു കുടുംബത്തിലുളളവരാണെന്ന ബന്ധം ഇല്ലായിരുന്നു.
ഞങ്ങളെ പഠിപ്പിക്കാൻ വേണ്ടിയാണ് അമ്മ പുറത്തുപോയത്. സുഹൃത്തുക്കളോടൊപ്പമായിരുന്നു ഞാൻ കൂടുതൽ സമയവും ചെലവഴിച്ചിട്ടുളളത്. ചേട്ടനാണെങ്കിലും വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ വിളിക്കാറുളളൂ. ഈ കാര്യങ്ങൾ ഞാൻ എവിടെയും തുറന്നുപറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കുടുംബത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാൻ എനിക്കറിയില്ല. മറ്റുളളവർ അവരുടെ മക്കളെ വളർത്തുന്നത് കാണുമ്പോൾ എനിക്ക് വിഷമം വരാറുണ്ടായിരുന്നു. അത് ഇപ്പോഴും ട്രോമയാണ്. ഞാൻ ആന്റിയുടെ വീട്ടിൽ നിന്നാണ് വളർന്നത്. അവിടെ ആന്റി മകനെ മാറ്റി നിർത്തി ഭക്ഷണം കൊടുക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടമുണ്ടായിട്ടുണ്ട്. എനിക്ക് ഇപ്പോൾ അത്രയും നല്ലൊരു കുടുംബമാണ് കിട്ടിയിരിക്കുന്നത്. ചിലർക്ക് ഇതൊക്കെ നിസാരമായി തോന്നും. പക്ഷെ ഒരു കുട്ടിയെ സംബന്ധിച്ച് അങ്ങനെയല്ലല്ലോ'- ബിന്നി സെബാസ്റ്റ്യൻ പറഞ്ഞു.