ആർ‌എസ്‌എസ് ഗണഗീതം നിയമസഭയിൽ പാടി ഡി കെ ശിവകുമാർ, വിവാദം, പിന്നാലെ വിശദീകരണം

Friday 22 August 2025 4:29 PM IST

ബംഗളൂരു: ആർഎസ്‌എസിന്റെ ഗണഗീതം നിയമസഭയിൽ പാടി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 'നമസ്‌തേ സദാ വത്സലേ' എന്നുള്ള ഗണഗീതമാണ് ശിവകുമാർ സഭയിൽ പാടിയത്. ഇത് പഴയ ആർഎസ്‌എസ് ബന്ധംകൊണ്ടെന്ന ബിജെപി വാദം എന്നാൽ ഇന്ന് ശിവകുമാർ തള്ളി. താൻ കോൺഗ്രസിൽ അടിയുറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഞാൻ ജന്മം കൊണ്ട് ഒരു കോൺഗ്രസുകാരനാണ്. ജീവിതകാലം മുഴുവൻ അതായിരിക്കും. എന്റെ ജീവിതവും രക്തവും കോൺഗ്രസിന് വേണ്ടിയാണ്. ഞാൻ ഇന്ന് പാർട്ടിയെ നയിക്കുകയാണ്. അതിന്റെ നെടുംതൂണായി ഉറച്ചുനിൽക്കും.' ഡി കെ ശിവകുമാർ പറഞ്ഞു. കർണാടക നിയമസഭയായ വിധാൻ സൗധയിൽ വച്ച് മാദ്ധ്യമപ്രവർത്തകരോടാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

ജനതാദൾ, ബിജെപി തുടങ്ങിയ സംസ്ഥാനങ്ങളിലെ പാർട്ടികളെക്കുറിച്ച് താൻ പഠിച്ചെന്നും അവരുടെ പ്രവർത്തനശൈലി താൻ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആർഎസ്‌എസിന്റെ വളർച്ചയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലും താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ആർഎസ്‌എസ് സംസ്ഥാനത്ത് വലിയ അടിസ്ഥാനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ‌ദിവസം ബിജെപി എംഎൽഎ ആർ അശോകയുമായി സഭയിൽ വാക്‌പോര് നടത്തവെയാണ് ശിവകുമാർ ആർഎസ്‌എസ് ഗണഗീതം ആലപിച്ചത്. എതിർപാർട്ടിയിലുള്ളവരുടെ നല്ല ഗുണങ്ങളെ താൻ അംഗീകരിക്കുന്നതായും ശിവകുമാർ സഭയിൽ പറഞ്ഞിരുന്നു.