പരിശ്രമങ്ങൾ കൈയിലെത്തിക്കുന്ന മാഹാത്മ്യങ്ങൾ
'ഒരു നാട്ടിലെ ഏറ്റവും വലിയ സമ്പന്നരായി അറിയപ്പെട്ടിട്ടുള്ള എല്ലാ 'മാന്യവ്യക്തിത്വങ്ങൾക്കും", അവരുടെ ഭൂതകാലങ്ങളിലേക്കൊന്നു കണ്ണോടിച്ചാൽ, അനുഭവിക്കേണ്ടി വന്നിട്ടുള്ളത്, സമാനതകളില്ലാത്ത കഷ്ടപ്പാടുകളും, നിരാശകളുമൊക്കെ ആയിരുന്നുവെന്നും, അത്തരം കണ്ണീരനുഭവങ്ങളുടെ അദ്ധ്യായങ്ങൾ ഒന്നും, രണ്ടുമൊന്നുമല്ലെന്നും കാണാൻ കഴിയും! എന്നാൽ, അവർ, അവരുടെ അസാമാന്യമായ ഇച്ഛാശക്തികൊണ്ടു മാത്രമാണ് പ്രതിസന്ധികളെ മറികടന്നതെന്ന സത്യം പിന്നീട്, അവർ പുഞ്ചിരിയോടെ പങ്കുവച്ചിട്ടുമുണ്ടാകും! ഇതൊക്കെയോർത്തിട്ടാണ്, ഞാൻ പലപ്പോഴും പറയാറുള്ളത്: 'സഹിക്കാൻ പാടുപെട്ടതെല്ലാം, ഓർക്കാൻ മധുരമുള്ളതായിരിക്കുമെന്ന്!" അതൊരു ജീവിതസത്യമാണെന്ന് സ്വയം കാര്യങ്ങൾ വിലയിരുത്തുന്നവർക്ക് മനസിലാകും. അംബാനിയെ നിങ്ങൾക്കറിയാമായിരിക്കാം, എന്നാൽ ആരാണി സോയി ചിരോ ഹോണ്ട? അദ്ദേഹം, ഒരു ജാപ്പനീസ് എഞ്ചിനീയറും വ്യവസായിയുമായിരുന്നു. 1948ൽ അദ്ദേഹം ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ് സ്ഥാപിക്കുകയും, സൈക്കിൾ മോട്ടോറുകൾ നിർമ്മിക്കുന്ന ഒരു മരക്കുടിലിൽ നിന്ന് ഒരു ബഹുരാഷ്ട്ര ഓട്ടോ മൊബൈൽ സാമ്രാജ്യത്തിന്റെ അധിപനുമായി മാറിയ അദ്ദേഹം, ഒരു കാലത്ത്'ടോയോട്ടൊ മോട്ടോർ കമ്പനി"യിൽ തൊഴിൽ തേടി ചെന്നിരുന്നുയെന്നു മാത്രമല്ല, അവിടെ തഴയപ്പെട്ടുയെന്നുമൊക്കെ ഇന്ന് എത്രപേർക്കറിയാം!"" ജീവിതത്തിൽ, ഉന്നതങ്ങളിലെത്തിയ എല്ലാ സാധാരണ മനുഷ്യരും, കഠിന പരിശ്രമങ്ങളിലൂടെയാണ് തങ്ങളുടെ മേഖലകളിലെ കുലപതികളായി മാറിയതെന്ന നിത്യസത്യത്തിലേക്ക് സദസ്യരുടെ ശ്രദ്ധക്ഷണിച്ചുകൊണ്ടായിരുന്നു പ്രഭാഷകൻ പ്രതിപാദിച്ചത്. സാധാരണക്കാർക്ക് ആവേശം പകരുന്ന അത്തരം നുറുങ്ങുകൾക്കായി കാതോർത്തിരുന്ന സദസ്യരെയാകെ നോക്കി, പുഞ്ചിരിയോടെ പ്രഭാഷകൻ ഇപ്രകാരം തുടർന്നു: ''സാമ്പത്തിക പ്രയാസങ്ങൾ നിറഞ്ഞ ഒരു കുടുംബത്തിൽ ജനിക്കാനിടയായത്, ഒരിക്കലുമൊരു വ്യക്തിയുടെ കുറ്റമല്ല! അതുപോലെ തന്നെ, ഒരു കുബേരകുലത്തിൽ പിറക്കാനുള്ള യോഗം ഒരാളിന് ലഭിച്ചുവെങ്കിൽ, അത് അദ്ദേഹത്തിന്റെ മേന്മയായും കാണാനാകില്ല! അഭ്യസ്തവിദ്യനായ ഒരു യുവാവ് തൊഴിൽ തേടി പലവാതിലിലും മുട്ടിനോക്കിയങ്കിലും ഒന്നും നടന്നില്ല. അപ്രകാരം വിഷണ്ണനായി നടക്കുമ്പോഴാണ്, ഒരു വലിയ ധനികൻ, അദ്ദേഹത്തിന്റെ ഭൃത്യനെ ശാസിക്കുന്നത് കേട്ടത്: 'എടാ, നന്നാകാൻ മനസുള്ളവന്, ചത്ത എലിയെവച്ചും നന്നാകാം." ധനികന്റെ അത്തരമൊരു ശാസന കേൾക്കാനിടയായ യുവാവ്, പിന്നീട് ധനികനെ സമീപിച്ച് രണ്ട് ചത്ത എലികളെ തനിക്കു തരണമെന്ന് അപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഭൃത്യൻ, യുവാവിന് രണ്ട് എലികളെ നല്കി. അതിനെ പൊതിഞ്ഞെടുത്ത് അയാൾ വീണ്ടും നടന്നു. അപ്രകാരം പോകവെ, ഒരു വീടിനു മുന്നിൽ വിഷാദത്തോടെ ഒരു കുട്ടിയും, അടുത്തൊരു പൂച്ചക്കുഞ്ഞും! ഈ കാഴ്ച കണ്ട യുവാവ്, കൈയിലിരുന്ന ചത്ത എലികളെ പൂച്ചയുടെ മുന്നിലേക്കിട്ടു. അതുകണ്ട കുഞ്ഞ്, വിഷാദം വെടിഞ്ഞ് ആക്ടീവായി. അത് ഒരു നിലക്കടല കർഷകന്റെ കുട്ടിയായിരുന്നു. കുഞ്ഞിന്റെ സന്തോഷത്തിന്റെ സംതൃപ്തിയിൽ, യുവാവിന് അഞ്ചുചാക്ക് കപ്പലണ്ടി അയാൾ നല്കി. അപ്രകാരം ഉന്തുവണ്ടിയിൽ കപ്പലണ്ടിയും കയറ്റിപോയപ്പോഴാണ്, വലിയൊരു തടിഡിപ്പോ കാണാനിടയായത്. ഉടൻ തന്നെ യുവാവ്, വലിയൊരു കലത്തിൽ കുടിവെള്ളം ശേഖരിച്ച്, അവിടെ തന്റെ കപ്പലണ്ടികൾ കച്ചവടത്തിനായി വച്ചു. വൈകിട്ടോടെ യുവാവിന്റെ അഞ്ചുചാക്ക് കപ്പലണ്ടിയും വിറ്റുതീർത്തു. അന്ന് ഉച്ചഊണു പോലും കഴിക്കാതെ, തൊഴിലാളികൾ കപ്പലണ്ടിയും, വെള്ളവും കഴിച്ച് കൂടുതൽ പണിയെടുത്തതിന്റെ സന്തോഷത്തിലായിരുന്ന തടി ഡിപ്പോ മുതലാളി അഞ്ചുചാക്ക് കപ്പലണ്ടി കൂടി യുവാവിന് വാങ്ങി നൽകി അവിടെ കച്ചവടം തുടരാൻ പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അതൊരു വലിയ'ഷോപ്പിംഗ് മാളാ'യി മാറി! പിന്നീടൊരിക്കൽ, നമ്മുടെ യുവാവിന്റെ മുടക്കുമുതലായിരുന്ന ചത്ത എലികളെ നൽകിയ ധനികൻ, അതുവഴി വന്നപ്പോൾ, 'ആധുനികമാൾ" കണ്ട് അത്ഭുതത്തോടെ നോക്കി! അദ്ദേഹം'മാളി"ന്റെ ഉടമയെ തേടിയപ്പോഴാണ് നമ്മുടെ അന്നത്തെ യുവാവാണെന്ന് മനസിലായത്! ഇപ്പോൾ മനസിലായോ, സഹിക്കാൻ പാടുപെട്ടതൊക്കെ, പിന്നീട് ഓർക്കാൻ മധുരമുള്ളതായേക്കാമെന്ന്! പക്ഷേ, നമ്മൾ കറക്ട് ആയിരിക്കണം. എന്താ, എന്നാൽ രണ്ട് ചത്ത എലികളെ എടുക്കട്ടെ?"" സദസ്യരുടെ കൂട്ടച്ചിരിയിൽ, പ്രഭാഷകനും കൂടിച്ചേർന്നു.