നീലക്കുടക്കീഴിലെ ജീവിതഗാനം
റോഡരികിൽ, കാറിനു പിറകിൻ നിങ്ങളൊരു നീലക്കുട കാണുന്നില്ലേ ? ഒന്ന് സൂം ചെയ്തു നോക്കൂ. ആ കുടയ്ക്കു താഴെ പിൻതിരിഞ്ഞ് ഫിലോമിന ചേച്ചിയെ കാണാം, അവരുടെ മുന്നിലെ മീൻ കുട്ടയും മീനുകളും കാണം. രാവിലെ തുടങ്ങിയ പെരുമഴയാണ്! ഇപ്പോൾ വൈകുന്നേരം അഞ്ച് മണിയായിരിക്കുന്നു. ഇടയ്ക്ക് ഇത്തിരിനേരം പോലും മഴ തോർന്നിട്ടില്ല. കഴിഞ്ഞ അമ്പതു വർഷങ്ങളായി ഞാൻ ഫിലോമിന ചേച്ചിയെ കാണുന്നു. ഞാനിവിടെ വീടു വച്ച് താമസിച്ചു തുടങ്ങിയപ്പോൾ ഫിലോമിന ചേച്ചി മുപ്പതുകളുടെ ഉത്സാഹത്തിലായിരുന്നു.
ചേച്ചിയുടെ മീൻപാട്ട് എനിക്കൊരു കൗതുകമായിരുന്നു: 'കരിം പച്ച നകരയുണ്ടേ... ചാളയുണ്ടേ... നെത്തോലിയുണ്ടേ ... ഓടിവായോ നാട്ടുകാരേ...!" കുട്ട തലയിലേന്തി ഈ പാട്ടുമായി കുതിച്ച് ഓടിവരുന്ന ചേച്ചിയുടെ ആ പാട്ടും ആ വരവും ഇന്നലത്തേതുപോലെ ഓർമ്മയുണ്ട്. ഇപ്പോഴിതാ, എൺപതാം വയസിലും അവർ വളരെ അകലെയുള്ള കടപ്പുറത്തു നിന്ന് മീൻകുട്ടയുമായി രാവിലെ ഓട്ടോ പിടിച്ച് ഇവിടെ, റോഡരികിലെ ഈ മാവിൻതണലിൽ ഹാജരാകുന്നു. ഏഴുമണിക്ക് തുടങ്ങുന്ന മീൻവില്പന സന്ധ്യ വരെ തുടരുന്നു.
ഫിലോമിന ചേച്ചിയുടെ കുടുംബവിവരങ്ങളും വിശേഷങ്ങളുമൊക്കെ ഞാൻ അറിഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. രോഗിയായ ഭർത്താവിനെയും മാനസിക വൈകല്യം ബാധിച്ച മകനെയും പോറ്റാനുള്ള ജീവിത സമരമാണ്. ഒരു മകളുണ്ട്. വിവാഹം കഴിച്ച് കുടുംബ പ്രാരാബ്ദ്ധങ്ങളുമായി വേറേ കഴിയുന്നു. വെളുപ്പിനെ ആദ്യം വരുന്ന വള്ളത്തിലെ മീൻ വാങ്ങാനുള്ള രണ്ടായിരം രൂപ വട്ടിപ്പലിശക്കാരിൽ നിന്ന് വാങ്ങുന്നു. വൈകിട്ട് അഞ്ചു മണിക്കകം വിറ്റുതീർന്നില്ലെങ്കിൽ കിട്ടിയ വിലയ്ക്ക് ഏതെങ്കിലും ഹോട്ടലിൽ കൊടുത്ത് ഓട്ടോ പിടിച്ച് പോകണം. ഓട്ടോ കൂലി ദിവസം ഇരുന്നൂറ് രൂപ. വട്ടിപ്പലിശ ഇരുന്നൂറ് രൂപ.
എന്നെ അതിശയിപ്പിക്കുന്നത് അവർ ആഹാരമോ വെള്ളമോ വീട്ടിൽനിന്ന് കൊണ്ടുവന്ന് കണ്ടിട്ടേയില്ല എന്നതാണ്. ഉച്ചയ്ക്ക് തൊട്ടടുത്തുള്ള ഒരു കാപ്പിക്കടയിൽ പോയി ചായ കുടിക്കും. രാവിലെ എട്ടുമണിക്ക് ഏതോ വീട്ടുകാർ മീൻ വാങ്ങിയിട്ട്, ഇത്തരി ആഹാരം കൊടുക്കുമത്രെ. രാത്രി വീട്ടിൽ തിരിച്ചെത്തിയിട്ടു വേണം ചോറു വയ്ക്കാൻ. മീൻകറി മകൾ കൊണ്ടുക്കൊടുക്കും. 'ഏക ഭുക്തം മഹായോഗി" എന്ന് കേട്ടിട്ടേയുള്ളൂ. ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്നവൻ സന്യാസിയാണെന്ന്. ഇവിടെ ആ സന്യാസം ഞാൻ നേരിട്ട് കാണുന്നു.
രാവിലത്തെ കണി ഫിലോമിന ചേച്ചിയും മീനുമാണ്. നല്ല കണി . അതുകൊണ്ട് ഈയുള്ളവനും ദീർഘായുസ് കിട്ടിയെന്നു പറയാം. അതിന്റെ നന്ദി വല്ലപ്പോഴും കാണിക്കും- അത്രതന്നെ! ഓരോ ദിവസവും, ഇടപാടുകാരുടെ ശ്രദ്ധ ക്ഷണിക്കാൻ ഫിലോമിന ചേച്ചി പാടുന്ന 'മീൻപാട്ടി"ന്റെ ഈണത്തിനു മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല- 'കരിംപച്ച നകരയുണ്ടേ... ചാളയുണ്ടേ... നെത്തോലിയുണ്ടേ...!" ഇനിയൊരിക്കൽ, ഫിലോമിന ചേച്ചി വരാതിരുന്നാലും ആ പാട്ട് എനിക്ക് മറക്കാനാകില്ലെന്നു തോന്നുന്നു. കാരണം, അത് പാട്ടല്ല, അതിലുള്ളത് ഒരു ജീവിതത്തിന്റെ താളമാണ്. അതിന് മീൻചൂരല്ല, ജീവിതത്തിന്റെ ഗന്ധമാണ്. ഓരോ ജീവിതത്തിനുമുണ്ട്, ഓരോതരം ഈണവും ഗന്ധവും.
ഈ ഫോട്ടോ, എന്റെ വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചയാണ്. മുറ്റത്തെ പൂച്ചെടികളും വഴിക്കപ്പുറം, എതിർവശത്തെ വീടുകളിലെ പച്ചപ്പുമൊക്കെ നമുക്ക് കാണാം. റോഡിൽ ആരുമില്ല. മഴ തോരുന്നുമില്ല. എന്നിട്ടും, ഫിലോമിന ചേച്ചി നകരയും ചാളയും നെത്തോലിയും നിറച്ച കുട്ടയുമായി കാത്തിരുന്ന് പാടുകയാണ്. ജീവിതത്തിന്റെ പ്രാരാബ്ദ്ധങ്ങളെക്കുറിച്ചായിരിക്കില്ല ചേച്ചിയുടെ മനസിൽ. എന്നെങ്കിലും തന്റെ ജീവിതത്തിലും പ്രതീക്ഷകളുടെ പച്ചപ്പ് വിടരുമെന്ന തോന്നൽ. ആ വിചാരമാണ് ചേച്ചിയുടെ പാട്ടിന്റെ ഈണം. പ്രതീക്ഷയുടെ ഈണം. അതുകൊണ്ടാകാം, എനിക്ക് അതൊരു സംഗീതമായി ആസ്വദിക്കാൻ പറ്റുന്നത്: 'കരിംപച്ച നകരയുണ്ടേ, ചാളയുണ്ടേ...!'