മറ്റൊരു ആൻഫ്രാങ്ക് ഡയറിയുമായി രതീഷ് സി.നായർ

Sunday 24 August 2025 3:11 PM IST

ഡയറിത്താളിലെ കേവലം പതിനൊന്നു പേജുകളിലുള്ള നാല്പത്തിരണ്ട് വരികളിലൂടെ മറ്റൊരു ആൻഫ്രാങ്കിനെ കാട്ടിത്തരുന്നു റഷ്യയുടെ ഓണററി കോൺസലും എഴുത്തുകാരനുമായ രതീഷ് സി. നായർ. ആ കാഴ്ചയും അവരുടെ കഥയും അവിസ്മരണീയമായൊരു ഗ്രന്ഥമാക്കിയിരിക്കുകയാണ് അദ്ദേഹം. റഷ്യയുടെ ആൻഫ്രാങ്ക്: താന്യസാവിച്ചേവയുടെ കഥ, രണ്ടാംലോക മഹായുദ്ധത്തിന്റെ ഭീകരത നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്ത പതിനൊന്നുകാരി താന്യയുടെ സ്മരണകൾക്ക് ഇതിഹാസമാനം നൽകാൻ രതീഷ് സി. നായരുടെ ആഖ്യാനത്തിന് കഴിഞ്ഞിരിക്കുന്നു. മുതിർന്നവരെന്നോ കുട്ടികളെന്നോ യുദ്ധത്തിന്, വേർതിരിവില്ലല്ലോ. രണ്ടാംലോക മഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് കുട്ടികളാണു മരിച്ചത്. അതിലൊരു കുട്ടിയായിരുന്നു ലെനിൻഗ്രാഡിലെ താന്യ സാവിച്ചെവ. വലിയൊരു കുടുംബത്തിലെ അംഗമായിരുന്നു താന്യ. കുടുംബത്തിന്റെ സ്‌നേഹാന്തരീക്ഷത്തിൽ വളർന്ന ഈ പെൺകുട്ടി പഠിക്കാൻ മിടുക്കിയായിരുന്നു. കളിക്കാനും വായിക്കാനും ഇഷ്ടപ്പെട്ടിരുന്ന അവൾക്ക് കുടുംബത്തോടൊപ്പമുള്ള ജീവിതം തികച്ചും സന്തോഷപ്രദമായിരുന്നു. പക്ഷേ, പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അതെല്ലാം നശിപ്പിച്ചു. അവളുടെ മഹാനഗരമായ ലെനിൻ ഗ്രാഡ് പൂർണമായും ഉപരോധിക്കപ്പെട്ടു. 1941 സെപ്തംബർ 8 മുതൽ 1944 ജനുവരി 27 വരെ എണ്ണൂറ്റി എഴുപത്തിരണ്ട് ദിവസമാണ് ലെനിൻ ഗ്രാഡിനെ ജർമ്മനി അടച്ചുപൂട്ടിയത്. ആഹാരവും മരുന്നും പൊതുഗതാഗതവും വൈദ്യുതിയും ഇല്ലാതായതോടെ അവിടുത്തെ മുപ്പതുലക്ഷം ആളുകൾ ദുരിതത്തിലായി. പട്ടിണിയിലും ബോംബാക്രമണത്തിലുമായി പത്തരലക്ഷത്തോളം പേർ മരിച്ചു. അങ്ങനെ മരണപ്പെട്ടവരിലൊരു കുട്ടിയായിരുന്നു പതിനൊന്നു വയസുള്ള താന്യസാവിച്ചെവ.

ആൻഫ്രാങ്കിനു സമകാലികമായി ജീവിച്ച അവളുടെ ഏതാനും പേജുകൾ മാത്രമുള്ള ഡയറിയിലൂടെയാണ് യുദ്ധകാലത്തെ ലെനിൻഗ്രാഡിലെ മനുഷ്യാവസ്ഥയുടെ ദുരന്തചിത്രം ലോകമറിഞ്ഞത്. ക്രൂരതയുടെ പ്രതിരൂപവും തെളിവുമായിമാറി എഴുതിയ ഡയറിക്കുറിപ്പുകൾ. വെറും പതിനൊന്ന് പേജുകൾ. പക്ഷേ, ഉപരോധിക്കപ്പെട്ട ഒരു നഗരത്തിന്റെയും അവിടെ ജീവിച്ചിരുന്ന ഒരു കുട്ടിയുടെ കുടുംബത്തിലെയും ദുരന്തം മനസിലാക്കുവാൻ അത് ധാരാളമായിരുന്നു. താന്യ ആദ്യമായി ആ ഡയറിയിൽ എഴുതിയത് 1941 ഡിസംബർ 28നായിരുന്നു. അവസാനത്തെ എഴുത്ത് 1942 മേയ് 13നും. ഈ കാലയളവിൽ അവരുടെ കുടുംബത്തിൽ ആറുപേർ പട്ടിണിമൂലം മരിച്ചു. അതേപ്പറ്റി അവസാന മൂന്നുപേജുകളിൽ താന്യ ഇങ്ങനെ എഴുതി: 'സാവിച്ചെവുമാർ മരിച്ചു. എല്ലാവരും മരിച്ചു. താന്യ മാത്രം ബാക്കി.' ഈ മൂന്നു ചെറുവാചകങ്ങൾ മതിയായിരുന്നു ഒരു കെട്ടകാലത്തെയാകെ അടയാളപ്പെടുത്താൻ. യുദ്ധക്കെടുതികളെക്കുറിച്ചുള്ള ഒരു മഹാഗ്രന്ഥത്തിനു സമാനമായ ഈ മൂന്നു വാക്യങ്ങളിൽ നിന്നാണ് രതീഷ് സി. നായരുടെ പുസ്തകം പിറവിയെടുക്കുന്നത്. ലോകശ്രദ്ധ പതിയാനിടയുള്ള ഈ പുസ്തകരചനയുടെ നിമിത്തം രതീഷ് സി. നായർ അനുസ്മരി ക്കുന്നത് ഇങ്ങനെയാണ്: ലെനിൻഗ്രാഡ് ഉപരോധത്തിന്റെ വാർഷിക ദിനത്തിലെ സെമിനാറിൽ പ്രസംഗിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായുള്ള വായനയ്ക്കിടയിലാണ് താന്യ സാവിച്ചെവ എന്ന പതിനൊന്നുകാരി വെറും ഒമ്പതുപേജുകളിലായി കുറിച്ച ഡയറിയെക്കുറിച്ച് കൂടുതൽ അറിയുന്നത്.... താന്യയുടെ ഡയറി ഉപരോധിക്കപ്പെട്ട ഒരു നഗരത്തിലെ ലക്ഷക്കണക്കിനാളുകളുടെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ പ്രതിബിംബമാകുന്നു എന്ന് ബോദ്ധ്യമായപ്പോഴാണ് റഷ്യയുടെ ആൻഫ്രാങ്ക് പുസ്തകരൂപം കൈക്കൊണ്ടത്.