വജ്ര ജൂബിലി നിറവിൽ നേമം വിക്ടറി സ്കൂൾ ചരിത്രത്തിലെഴുതിയ വിജയ കുതിപ്പുകൾ
ഒരു നാടിന്റെ സാംസ്‌കാരിക വളർച്ചയ്ക്കും കെട്ടുറപ്പുള്ള മൂല്യബോധങ്ങൾ പടുത്തുയർത്താനും ഒപ്പം നിന്ന ചരിത്രമാണ് വിക്ടറി സ്കൂളുകളുടേത്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമത്ത് സ്ഥിതിചെയ്യുന്ന വിക്ടറി സ്കൂളുകൾ വിജയകരമായ 75-ാം വർഷത്തിലേക്ക് കടന്ന് വജ്ര ജൂബിലിയുടെ തിളക്കത്തിലെത്തി നിൽക്കുകയാണ്. 1950ലാണ് വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമാകുന്നത്.1961ൽ ഈ സ്കൂൾ വിക്ടറി ഹൈസ്കൂൾ ഫോർ ഗേൾസ്, വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു. കേവലം ഒരു പഠനകേന്ദ്രത്തിനപ്പുറം, തലമുറകളായി അറിവിന്റെ വെളിച്ചം പകർന്ന്, പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിന് നിരന്തരം സംഭാവന നൽകുന്ന ഒരു സമഗ്ര വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു.
പാരമ്പര്യത്തിലൂന്നിയ വിദ്യാഭ്യാസ പരിഷ്കരണം
തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. എൻ.കെ. മാധവൻ പിള്ളയായിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. 1952ൽ എൻ.കെ.വാസുദേവൻ നായർ സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാഡമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 ഫെബ്രുവരി 25ന് എൻ.കെ.വാസുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി എൻ.കമലാഭായി അമ്മ മാനേജർ ആയി. 2017ൽകമലാഭായി അമ്മയുടെ മരണശേഷം സീനിയോരിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു. 2017 മുതൽ 2019 വരെ കെ.വി.രാജലക്ഷ്മിയും 2019 മുതൽ 2021 വരെ കെ.വി.പ്രസന്നകുമാരി അമ്മയും 2022 മുതൽ 2025 വരെ കെ.വി.ശൈലജാ ദേവിയും മാനേജറായി സേവനമനുഷ്ഠിച്ചു. ഇപ്പോഴത്തെ മാനേജർ കെ.വി.ശ്രീകല ആണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ എൻ.കെ വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂളുകൾ പ്രവർത്തിച്ചു വരുന്നത്.കെ.വി. രാജ ലക്ഷ്മി, കെ.വി.പ്രസന്നകുമാരി അമ്മ, കെ.വി.ശൈലജാ ദേവി, കെ.വി.ശ്രീകല, കെ.വി.കുമാരി ലത, കെ.വി.അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള എൻ.കെ.വാസുദേവൻ നായർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബഹുനില കെട്ടിടം, സ്കൂൾ ബസ്, സ്മാർട്ട് ക്ലാസുകളും, ലാബ്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ അത്യാധുനിക രീതിയിലാണ് സ്കൂളിന്റെ വികസനം സാദ്ധ്യമാക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വിശ്വാസ്യത ഉറപ്പുവരുത്തുന്ന ഈ സ്ഥാപനം, നവീന വിദ്യാഭ്യാസ രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
പതിറ്റാണ്ടുകൾ പിന്നിട്ട പ്രയാണം
1950-ൽ ആരംഭിച്ച ഒരു മഹത്തായ വിദ്യാഭ്യാസ യാത്രയുടെ കഥയാണ് സ്കൂളിന്റെത്. നേമത്തെ വിദ്യാഭ്യാസ ഭൂപടത്തിൽ നിർണായക സ്ഥാനമുറപ്പിച്ചുകൊണ്ട്, ഈ സ്ഥാപനങ്ങൾ ദശകങ്ങളായി സമൂഹത്തിന് സേവനം ചെയ്തുവരുന്നു. എൻ.കെ.വാസുദേവൻ നായർ മാനേജരായതോടെയാണ് സ്കൂളിന്റെ വളർച്ചയുടെ പുതിയ അദ്ധ്യായം ആരംഭിക്കുന്നത്.അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നേതൃത്വപാടവും, സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു. ഒരു സ്ഥാപനത്തിന്റെ ദീർഘകാല വിജയത്തിന് സ്ഥിരതയുള്ള നേതൃത്വം എത്രത്തോളം പ്രധാനമാണെന്ന് ഇത് വ്യക്തമാക്കുന്നു. തുടർന്നെത്തിയ അദ്ദേഹത്തിന്റെ പത്നി എൻ. കമല ഭായി ഈ മഹത്തായ ദൗത്യം ഏറ്റെടുക്കുകയും സ്കൂളിന്റെ വളർച്ചയുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്തു. ഈ തുടർച്ചയായ നേതൃത്വം സ്കൂളിന് സ്ഥിരതയും ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനുള്ള സാഹചര്യവും ഒരുക്കി.
2025ൽ, വജ്ര ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന സ്ഥാപനത്തെ സംബന്ധിച്ച് ഇത് കേവലം ആഘോഷം മാത്രമല്ല മറിച്ച് തലമുറകളായി സ്കൂൾ നിലനിർത്തിയ പ്രതിരോധശേഷിയുടെയും, മാറുന്ന വിദ്യാഭ്യാസ ആവശ്യകതകളോട് പൊരുത്തപ്പെടാനുള്ള കഴിവിന്റെയും, സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെയും അടയാളപ്പെടുത്തലുകൾ കൂടിയാണ്.അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ ശക്തമായ അക്കാഡമിക അടിത്തറ സ്ഥാപനം ഉറപ്പാക്കുന്നു.അക്കാഡമിക വിഷയങ്ങൾക്കൊപ്പം കല, കായികം തുടങ്ങി പാഠ്യേതര വിഷയങ്ങൾക്കും സ്കൂൾ തുല്യപ്രാധാന്യം നൽകുന്നതിലൂടെ വിദ്യാർത്ഥികളുടെ സമഗ്രമായ വികാസത്തിന് വഴിയൊരുക്കുന്നു.ഇതെല്ലാം വിദ്യാർത്ഥികൾക്ക് ഭാവിയിൽ ആവശ്യമായ സർഗ്ഗാത്മകതയും ശാരീരികക്ഷമതയും വിമർശനാത്മക ചിന്തയും വളർത്തുന്നു.
ഹൈടെക് വിദ്യാഭ്യാസം
പരിചയസമ്പന്നരായ അദ്ധ്യാപകരാണ് സ്കൂളിന്റെ വിജയത്തിന്റെ പ്രധാന ഘടകം. ഓരോ വിദ്യാർത്ഥിക്കും മികച്ച പഠനാനുഭവം ഉറപ്പാക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്. നന്നായി സജ്ജീകരിച്ച ലൈബ്രറി, വിശാലമായ കളിസ്ഥലം എന്നിവയെല്ലാം അക്കാദമികവും പാഠ്യേതരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. ഇത് സ്കൂളിന്റെ വിദ്യാഭ്യാസപരമായ കാഴ്ചപ്പാടുകളെ പ്രായോഗിക തലത്തിൽ എത്തിക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും വൊക്കേഷണൽ ഹയ൪സെക്കൻഡറിക്കും ഹയർ സെക്കൻഡറിക്കുമായി രണ്ട് കെട്ടിടങ്ങളിൽ 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്കുമായി വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ചരിത്രത്തിലെഴുതിയ നേട്ടങ്ങൾ
ചരിത്ര താളുകളിലേക്ക് എഴുതിച്ചേർക്കാവുന്ന നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ സ്കൂൾ സ്വന്തമാക്കിയിട്ടുണ്ട്.15-ാമത് എസ്.പി.സി ഡേ ആഘോഷങ്ങളുടെ ഭാഗമായി പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല സെറിമോണിയൽ പരേഡിൽ മികച്ച രണ്ടാമത്തെ പ്ലാറ്റൂണായി തിരഞ്ഞെടുക്കപ്പെട്ടത് വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആയിരുന്നു.വിദ്യാലയത്തിലെ വിദ്യാർത്ഥി ഹരി നന്ദൻ സ്കൂളിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ മൂന്നു വർഷമായി സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളെല്ലാം സ്കൂളിനെ ദേശീയ തലത്തിൽ അടയാളപ്പെടുത്തുന്നതായിരുന്നു.
സംസ്ഥാന കലോത്സവങ്ങളിലും മറ്റും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ സ്കൂളിന്റെ കലാ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. സ്പോർട്സിലും സ്കൂൾ അതുല്യമായ അംഗീകാരങ്ങൾ നേടിക്കൊണ്ടിടിരിക്കുന്നു. ഹാൻഡ് ബോൾ അസോസിയേഷൻ കണ്ടക്ട് ചെയ്ത നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിൽ സ്കൂൾ പങ്കെടുത്തു.സംസ്ഥാന ശാസ്ത്രമേളകളിൽ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം കുട്ടികളുടെ ശാസ്ത്ര മേഖലയിലെ കഴിവിനെ സൂചിപ്പിക്കുന്നു.
പ്രതിഭകളെ സൃഷ്ടിച്ച വിദ്യാലയം
മുൻ എം.എൽ.എ വെങ്ങാനൂർ പി. ഭാസ്ക്കരൻ, പി.ഗോപകുമാരൻ നായർ, വിജയകുമാരൻ നായർ, ഡോ. എൻ.എ. കരിം, ഡോ. വെള്ളായണി അർജ്ജുനൻ, ഡോ. ചന്ദ്രമോഹനൻ, ഡോ. ബാബു, ടി.പി. ശാസ്‌തമംഗലം, ഒ. ഷാഹുൽ ഹമീദ്, കവിയും കേരള കൗമുദി സ്പെഷ്യൽ പ്രൊജക്റ്റ് എഡിറ്ററുമായ മഞ്ചു വെള്ളായണി, പള്ളിച്ചൽ സദാശിവൻ തുടങ്ങി നിരവധി പ്രമുഖർ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണെന്നതും സ്ഥാപനത്തിന്റെ പ്രൗഢി ഉയർത്തുന്നതാണ്. സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനം കുട്ടികളെ ദൈനംദിന അക്കാഡമിക അക്കാഡമികേതര പ്രവർത്തനങ്ങളിൽ മികവിലേക്ക് നയിക്കാൻ കാരണമാകുന്നു. സ്കൂളിലെ ടീൻസ് ക്ലബ് പ്രവർത്തനം എല്ലാകുട്ടികളെയും ഒരു പോലെ പരിഗണിച്ചുകൊണ്ട് ഉൾചേർക്കലുകളുടെ പുതിയ നിർവചനങ്ങൾ ഒരുക്കുന്നു.കരിയർ ഗൈഡൻസ് സെൽ വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠന വഴിയിൽ ഉള്ള സംശയങ്ങൾ ദൂരീകരിക്കാൻ സാധിക്കുന്നു.
സൂമൂഹിക പ്രതിബദ്ധതയും
ലിറ്റിൽ കൈറ്റ്സ്, എൻ. സി.സി, എസ്. പി. സി ക്ലബുകൾ എല്ലാം തന്നെ സ്കൂളിൽ സജീവമാണ്.ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമൂഹത്തിനു ഗുണം ചെയ്യുന്ന നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ സ്കൂൾ നടത്തുന്നു.75-ാം വാർഷികത്തോടനുബന്ധിച്ചു സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥിക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. എസ്.എസ്.എൽ.സി ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ നൂറു മേനി വിജയമാണ് വിദ്യാലയം തുടർച്ചയായി കൈവരിക്കുന്നത്.വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണയുമായി വിവിധ വിഭാഗങ്ങളിലെ പ്രിൻസിപ്പൽമാരായ ലീന.എൻ.നായർ, ബിന്ദു പിള്ള, ഷീബ.എസ് എന്നിവരും മറ്റ് അദ്ധ്യാപകരും നോൺ ടീച്ചിംഗ് സ്റ്റാഫുകളും കൂടെയുണ്ട്.