കൊമ്പൻ കിരൺ നാരായണൻകുട്ടിയ്‌ക്ക് വിട...., ഇരട്ടച്ചങ്കൻ ഇനി ഇടനെഞ്ചിൽ
കോട്ടയം : ഉയരവും, തലയെടുപ്പും കൊണ്ട് ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിന്റെയാകെ കണ്ണിലുണ്ണിയായിരുന്ന ഗജരാജൻ കിരൺ നാരായൺകുട്ടിയുടെ വേർപാടിന്റെ ഞെട്ടലിലാണ് ആനപ്രേമികൾ. പത്തടിയോളം ഉയരം വിരിഞ്ഞ മസ്തകം, മുറം പോലത്തെ ചെവി, കൂർത്തുരുണ്ട കൊമ്പുകൾ, എണ്ണക്കറുപ്പ് ലക്ഷണങ്ങളുള്ള കിരൺ നാരായണൻകുട്ടി ബീഹാറിയെങ്കിലും നാട്ടാനയെന്ന് പറയിപ്പിക്കും വിധമായിരുന്നു തലയുയർത്തി നിന്നത്. ആനകൾക്കിടയിലെ ഇരട്ടചങ്കൻ എന്നായിരുന്നു വിളിപ്പേര്. ആലപ്പുഴ കാരിമുട്ടം കൃഷ്ണ പ്രസാദിന്റെ കൈയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡന്റും, ആന ഉടമസ്ഥ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ പുത്തൻപുരയിൽ എം.മധുവിന്റെയും, ഭാര്യ ഗീതയുടെയും കൈകവശമെത്തിയിട്ട് 28 വർഷമായി. കിരൺ ഗണപതി, കിരൺ കണ്ണൻ എന്നീ ആനകളും സ്വന്തമായുണ്ടായിരുന്ന കുടുംബത്തിലേക്ക് എത്തിയ നാരായണൻകുട്ടി എപ്പോഴും വീട്ടുകാരുടെ വിളിപ്പുറത്തായിരുന്നു. തൃശൂർ പൂരമടക്കം അരഡസനോളം സിനിമകളിലും അഭിനയിച്ചു. കോട്ടയത്ത് ഫോട്ടോഗ്രാഫർമാരുടെ സംഘടനയുടെ സമ്മേളന ഉദ്ഘാടനത്തിൽ തുമ്പിക്കൈയിൽ ചുറ്റിയ സ്റ്റിക്കിൽ മൊബൈൽ ഫോൺ പിടിച്ച് സെൽഫി എടുത്ത് ശ്രദ്ധ പിടിച്ചുപറ്റി. കേരളകൗമുദി സ്കൂൾ കുട്ടികൾക്കായി നാഗമ്പടത്ത് നടത്തിയിരുന്നു മാമ്പഴക്കൂട്ടം അവധിക്കാല ക്ലാസിലും കുട്ടികളുടെ കളിക്കൂട്ടുകാരനായി നാരായണൻകുട്ടി പലപ്പോഴും എത്തിയിരുന്നു.
തൃശൂർ പൂരത്തിൽ ഇടം - വലം കൂട്ട്
തൃശൂർ വടക്കുംനാഥ ക്ഷേത്ര വളപ്പിലെ പൂരപ്പറമ്പിൽ പാറമേക്കാവ് തിരുവമ്പാടി ദേവസ്വത്തിന്റെ തിടമ്പേറ്റിയിരുന്ന തലയെടുപ്പിൽ മുന്നിലുള്ള ആനകളുടെ ഇടം - വലം കൂട്ടായിരുന്നു നാരായണൻകുട്ടി. തിരുവില്വാമല വടക്കോട്ടു കാവ്, തിരുനക്കര പൂരം,ചെറായി പൂരം,ആനയടി പൂരം, നെന്മാറ വേല, എറണാകുളത്തപ്പൻ ഉത്സവം, പെരുന്ന തൈപ്പൂയം, വാഴപ്പള്ളി മഹാദേവ ക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രോത്സവം, മണർകാട് ,നാട്ടകം പൊൻകുന്നത്തു കാവ് ഉത്സവങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഇത്തിത്താനം ഗജമേളയിലെ തലപ്പൊക്ക മത്സരത്തിലും സമ്മാനാർഹനായിട്ടുള്ള നാരായണൻകുട്ടിക്ക് ഗജരാജൻ,ഗജകേസരി, ത്രിലോക ഗജാതിപതി, ഗജോത്തമൻ പുരസ്കാരങ്ങൾ ആനപ്രേമികൾ ചാർത്തിക്കൊടുത്തു.
''60 വയസായിരുന്നെങ്കിലും വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. കഴിഞ്ഞ ദിവസം പുലിയന്നൂർ ആനയൂട്ടിൽ പങ്കെടുത്ത ശേഷം കെട്ടിയതാണ്. കുടുംബത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ട വേദന പറഞ്ഞറിയിക്കാനാകില്ല.
-എം.മധു, ഉടമ